സംസ്ഥാനത്ത് സ്വർണ വില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വർധിച്ച് 7,905 രൂപയുമായി. രണ്ടും സർവകാല റെക്കോർഡ്. പവൻ 63,000 രൂപയും ഗ്രാം 7,900 രൂപയും മറികടന്നത് ചരിത്രത്തിലാദ്യം. 18 കാരറ്റ് സ്വർണവിലയും ഒറ്റയടിക്ക് ഇന്ന് 80 രൂപ കയറി 6,535 രൂപയെന്ന എക്കാലത്തെയും ഉയരത്തിലായി. വെള്ളിയും മുന്നേറുകയാണ്; ഇന്ന് ഗ്രാമിന് രണ്ടു രൂപ വർധിച്ച് 106 രൂപയിലാണ് വ്യാപാരം.
ഇതോടെ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 68,000 രൂപയോളം നൽകേണ്ടിവരും. ഒരു മാസത്തിനിടെ ഏഴായിരം രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.
അധികാരത്തിലേറിയയുടെ ട്രംപ് വ്യാപാര നയത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് സ്വർണ വിലയിലെ കുതിപ്പിന് പിന്നിൽ. ലോകത്തെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് തിടുക്കമില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ആഗോളതലത്തിൽ ആശങ്കവർധിക്കുകയും ചെയ്തു.
കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയതും രാജ്യാന്തര വിപണിയിൽ വിലക്കുതിപ്പുണ്ടാക്കി. ആഗോള സാമ്പത്തിക മേഖല തീരുവ യുദ്ധം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുകയാണ്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,853 ഡോളർ പിന്നിടുകയും ചെയ്തു.