കൊച്ചി: എങ്ങും മാലിന്യങ്ങൾ കൂമ്പാരമായി കിടന്നിരുന്ന ബ്രഹ്മപുരമല്ലയിപ്പോൾ നല്ല കളിസ്ഥലം പോലെ വിശാലമായി പരന്നുകിടക്കുന്ന മനോഹരമാണിവിടമിപ്പോൾ. മാലിന്യമലകൾ നീക്കിയ ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാമെന്ന് മന്ത്രി എംബി രാജേഷ്. ബ്രഹ്മപുരം സന്ദർശിച്ച മന്ത്രി അവിടെ മേയർ എം അനിൽകുമാറിനും പിവി ശ്രീനിജൻ എംഎൽഎയ്ക്കുമൊപ്പം ക്രിക്കറ്റിൽ ഒരു കൈനോക്കുകയും ചെയ്തു.
മാർച്ച് അവസാനത്തോടെ ബ്രഹ്മപുരത്ത് സിബിജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റ് യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ‘‘പ്രതിദിനം 150 ടൺ മാലിന്യം സംസ്കരിച്ച് 15 ടൺ ബയോഗ്യാസ് ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റ് നിർമിക്കുന്നത് ബിപിസിഎല്ലിന്റെ നേതൃത്വത്തിലാണ്. കൊച്ചിയിലെ പ്ലാന്റിന്റെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പ്ലാന്റുകളുടെ നിർമാണം ആരംഭിക്കും. ബിപിസിഎൽ തന്നെയാണ് നിർമാണത്തിന് നേതൃത്വം നൽകുക. കൂടാതെ കണ്ണൂർ, കൊല്ലം, ചങ്ങനാശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പ്ലാന്റുകൾ സ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്’’- മന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകളായി ബ്രഹ്മപുരത്ത് കുന്നുകൂടിയ മാലിന്യമാണ് ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്യുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടികൾ 75% പൂ4ത്തിയായി. ഇതിലൂടെ 18 ഏക്കർ സ്ഥലം വീണ്ടെടുക്കുകയും ചെയ്തു. ആകെയുള്ള 39 ഏക്കറിന്റെ 46 ശതമാനമാണിത്. മാലിന്യം നീക്കിയ പ്രദേശത്താണ് സിബിജി പ്ലാന്റ് ഒരുങ്ങുന്നതും. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വമിഷനും ചേർന്ന് തയാറാക്കിയ 706.55 കോടിയുടെ പദ്ധതിക്ക് കൊച്ചി കോർപറേഷൻ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. മാസ്റ്റർ പ്ലാൻ പരിശോധിച്ച് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സ4ക്കാ4 ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെ ബ്രഹ്മപുരം, തൃശൂരിലെ ലാലൂർ, കോഴിക്കോട്ടെ ഞെളിയൻപറമ്പ്, കൊല്ലത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോ, ഗുരുവായൂരിലെ ശവക്കോട്ട തുടങ്ങി മാലിന്യക്കൂനകളായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങൾക്ക് പുതിയ മുഖം നൽകാൻ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മാലിന്യക്കൂനകളില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.