തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന്റെ തോല്‍വി സംബന്ധിച്ച കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.
കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആര്‍. ചന്ദ്രശേഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണു മാസങ്ങള്‍ തെളിവെടുത്തു റിപ്പോര്‍ട്ട് തയാറാക്കിയത്. എന്നാല്‍, പ്രവര്‍ത്തകരടക്കം നേതൃത്വത്തിനെതിരേ മൊഴി നല്‍കിയതോടെ റിപ്പോര്‍ട്ട് മുക്കി. ഇതിന്റെ ഭാഗങ്ങളാണ് പുറത്തുവന്നത്.
ആദ്യം റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം ഫേസ്ബുക്കില്‍ ഇട്ടശേഷം പച്ചക്കള്ളമെന്ന അടിക്കുറിപ്പു നല്‍കിയ അനില്‍ അക്കര പോസ്റ്റ് മുക്കിയിരുന്നു. ഇതു മാധ്യമ പ്രവര്‍ത്തകര്‍ക്കു ലഭിച്ചതോടെയാണു കേസ് നല്‍കി റിപ്പോര്‍ട്ട് പിന്‍വലിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
24 ചാനലില്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്നും വാര്‍ത്ത വായിച്ച ശ്രീകണ്ഠന്‍ നായര്‍, അശ്വിന്‍ പാലാഴി, ദിലീപ് കുമാര്‍ എന്നിവര്‍ക്കെതിരേയാണു സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. വാര്‍ത്ത പച്ചക്കള്ളമാണെന്നും കെപിസിസിക്കും എനിക്കുമെതിരേ നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും പരാതിയില്‍ പറയുന്നു. തന്നെ സമൂഹത്തില്‍ ഒറ്റപ്പെടുത്തി അഴിമതി വിരുദ്ധ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ജീവനുപോലും അപകടമുണ്ടെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, യഥാര്‍ഥ റിപ്പോര്‍ട്ടു പുറത്തുവിടാന്‍ ധൈര്യമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അനില്‍ അക്കര പ്രതികരിച്ചിട്ടുമില്ല. മുമ്പും നേതൃത്വത്തിനെതിരേ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കി ഒതുക്കാനുള്ള ശ്രമം അനില്‍ അക്കര നടത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പിടിച്ചു തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തിലും മാധ്യമ പ്രവര്‍ത്തകരെ അറിയിക്കാതെ പരാതി നല്‍കിയ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നെന്നു പറയുകയും കേസുകള്‍ നല്‍കി റിപ്പോര്‍ട്ടുകള്‍ വരുത്താതിരിക്കാനുമുള്ള ഇരട്ടത്താപ്പാണ് അനില്‍ അക്കര നടത്തുന്നതെന്ന വിമര്‍ശനം തൃശൂര്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
ലോക്‌സഭയില്‍ മുരളീധരനെ തോല്‍പിച്ച് സുരേഷ് ഗോപിക്കു വഴിയൊരുക്കിയത് കെപിസിസിയുടെ ഗൂഢാലോചനയോ? അക്കമിട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; പ്രതാപനെയും അനില്‍ അക്കരയെയും നിയമസഭ തെരഞ്ഞെടുപ്പ് വരെ മാറ്റിനിര്‍ത്തണം; നീറിപ്പുകഞ്ഞ് തെരഞ്ഞെടുപ്പ് തോല്‍വി
തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി അനില്‍ അക്കര ശ്രമം തുടങ്ങിയിട്ടു കാലങ്ങളായി. ഇതിനിടയിലാണ് റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നത്. ജോസഫ് ടാജറ്റിനെ പ്രസിഡന്റാക്കുന്നതിനു തത്വത്തില്‍ തീരുമാനമായപ്പോള്‍ അത് അട്ടിമറിക്കാന്‍ മുന്നില്‍ നിന്നതും അനില്‍ അക്കരയാണെന്ന ആരോപണമുണ്ട്. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി അനാവശ്യ വിവാദമുണ്ടാക്കി തടഞ്ഞതിലൂടെ നൂറോളം കുടുംബങ്ങള്‍ക്കു ലഭിക്കേണ്ട ഫ്‌ളാറ്റുകള്‍ ഇല്ലാതാക്കിയത് അനില്‍ അക്കരയാണെന്ന വിമര്‍ശനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
തൃശൂരില്‍ ബി.ജെ.പിയോട് കെ.മുരളീധരന്റെ മൂന്നാം സ്ഥാനത്ത് പോയുള്ള തോല്‍വിയാണ് പ്രധാനമായും കമീഷന്‍ പരിശോധിച്ചത്. തൃശൂരില്‍ സംഘടനാപരമായും, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതില്‍ കെപിസിസി നേതൃത്വത്തിന്റെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായെന്ന് കണ്ടെത്തലില്‍ ആറാമത്തെ ഇനമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടി.എന്‍. പ്രതാപന്‍, ജോസ് വള്ളൂര്‍, എം.പി വിന്‍സെന്റ്, അനില്‍ അക്കര എന്നിവരുടെ ഭാഗത്ത് നിന്നും മനപ്പൂര്‍വമായ വീഴ്ചയുണ്ടായതായി തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതായി വ്യക്തമാക്കുന്ന കമീഷന്‍, ഇവരെ 2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും ചുമതലകളില്‍ നിന്നും മാറ്റി നിറുത്തണമെന്നും നിര്‍ദേശിക്കുന്നു.
കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ ഇടപെട്ട രീതി സുരേഷ്ഗോപിക്ക് അവസരമൊരുക്കാനും ബി.ജെ.പിക്കും സഹായകരമായി. സിറ്റിങ് എം.പി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ഒന്നരക്കൊല്ലം മുമ്പ് പരസ്യമായി പ്രഖ്യാപിച്ചത് സുരേഷ്ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരാളികള്‍ ഇല്ലെന്ന പ്രതീതി സൃഷ്ടിച്ചു. എം.പിയുടെ പ്രവര്‍ത്തനം മണലൂര്‍, ഗുരുവായൂര്‍ അസംബ്ളി മണ്ഡലങ്ങളില്‍ മാത്രമായിരുന്നു. ബ്ളോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന, പാര്‍ട്ടിയില്‍ സജീവമല്ലാത്തവരെ പോലും ചില നേതാക്കളുടെ താല്‍പര്യത്തില്‍ നിയമിച്ചു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കി.
പരാതികള്‍ കെ.പി.സി.സി നേതൃത്വത്തിന്റെ പരിഗണനയിലാണ്. യൂത്ത് കോണ്‍ഗ്രസ്, യു.ഡി.വൈ.എഫ് സംവിധാനം ഏകോപിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. തൃശൂര്‍ കോര്‍പ്പറേഷനിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചും, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, നാട്ടിക നിയോജകമണ്ഡലങ്ങളിലായി 75000ത്തിലധികം ബി.ജെ.പി അനുകൂല വോട്ടുകള്‍ കയറിക്കൂടിയത് തിരിച്ചറിഞ്ഞ് നീക്കം ചെയ്യാന്‍ കഴിയാതിരുന്നത് സംഘടനാ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയമായി കണക്കാക്കേണ്ടിയിരിക്കുന്നു. ഇത് വലിയ തിരിച്ചടിയായി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം തുടങ്ങി 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ജില്ലയിലെ പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തനങ്ങളെയും താരതമ്യം ചെയ്താണ് കമീഷന്‍ റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി കെ.പി.സി.സിയുടെ ഇടപെടലും പ്രശ്നപരിഹാരവും നിര്‍ദേശിച്ച കമീഷന്‍ റിപ്പോര്‍ട്ടില്‍ ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.പി.സി.സിയുടെ നിരീക്ഷണമടക്കം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരായെന്ന് കണ്ടെത്തിയവരെ തന്നെ ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും നിയോഗിക്കുകയായിരുന്നു. തോല്‍വിക്ക് പിന്നാലെ, ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമുയര്‍ത്തിയും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കി.
റിപ്പോര്‍ട്ടില്‍ നടപടിയെടുക്കേണ്ടത് കെ.പി.സി.സി നേതൃത്വമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് പ്രധാന കാരണക്കാരനെന്നും ചുമതലകളില്‍ നിന്നും മാറ്റി നിറുത്തണമെന്നും കെ.പി.സി.സി തന്നെ നിയോഗിച്ച സമിതി നിര്‍ദേശിച്ച ടി.എന്‍ പ്രതാപനെ ആദ്യം വര്‍ക്കിങ് പ്രസിഡന്റായും, പിന്നാലെ മലബാര്‍ മേഖലയുടെ ചുമതലയിലും ഏറ്റവും ഒടുവിലായി കെ.എസ്.യുവിന്റെ കെ.പി.സി.സിയുടെ ചുമതലയിലും നിയോഗിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിഷേധമുയര്‍ത്തിയ കെ.മുരളീധരന്‍ അനുകൂലികളെയും മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് അടക്കമുള്ളവരെയും സസ്പെന്‍ഡ് ചെയ്ത് എട്ട് മാസമെത്തിയിട്ടും ഇവരെ തിരിച്ചെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കെ.മുരളീധരനും ഇവരെ കബളിപ്പിക്കുകയാണെന്ന വിമര്‍ശനമുണ്ട്. തൃശൂരില്‍ ഡി.സി.സി പ്രസിഡന്റിനെയും യു.ഡി.എഫ് ചെയര്‍മാനെയും നിയമിക്കുന്നതും വൈകിക്കുകയാണ്.