തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ജനുവരി 20-ന് ശിക്ഷ വിധിക്കും. ശനിയാഴ്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദം കോടതിയിൽ പൂർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. ഷാരോൺ വധക്കേസ് അപൂർവങ്ങളിൽ അപൂർവമാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്.
സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോൾ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയത്. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കുറേ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ പ്രതിഭാഗം ഇതിനെ എതിർത്തു. പരമാവധി നൽകാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിയുടെ പ്രായം അടക്കം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചു. ഷാരോണിന് സാമൂഹിക വിരുദ്ധ പശ്ചാത്തലമുണ്ടെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഷാരോൺ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ബന്ധത്തിൽ നിന്നും പലപ്പോഴും ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഷാരോൺ സമ്മതിച്ചില്ല. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഷാരോൺ ബ്ലാക്മെയിൽ ചെയ്തു. ഒരു സ്ത്രീയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഷാരോൺ ചെയ്തതെന്നും പ്രതിഭാഗം പറഞ്ഞു. കിടപ്പുമുറിയിലെ ദൃശ്യങ്ങൾ പോലും ഷാരോൺ പകർത്തി. നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം വാദിച്ചു.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചത്. കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷീർ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങൾ ഗ്രീഷ്മ എഴുതിനൽകി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയുകയുംചെയ്തു. തനിക്ക് 24 വയസ് മാത്രമാണ് പ്രായം. എംഎ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കൾക്ക് ഏക മകളാണ്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി.
11 ദിവസത്തോളം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, പ്രതിക്ക് എങ്ങനെ വധശിക്ഷ നൽകാൻ കഴിയുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ ചോദിച്ചു. കേസിൽ സാഹചര്യ തെളിവുകൾ മാത്രമേയുള്ളൂ എന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കേരളമൊക്കെയെന്ത്…, വെള്ളമടി കാണണേൽ തമിഴ്നാട്ടിലേക്ക് വാ…നിരവധിപേർ അവധിക്ക് നാട്ടിൽ പോയി, ഇല്ലെങ്കിൽ പൊരിച്ചേനെ… പൊങ്കലിനു റെക്കോർഡ് മദ്യവിൽപന, ടാസ്മാക് വഴി വിറ്റഴിച്ചത് 725.56 കോടി രൂപയുടെ മദ്യം