വയനാട്: അമരക്കുനിയിൽ ഭീതിവിതച്ച കടുവയെ കാപ്പിത്തോട്ടത്തിൽ വനംവകുപ്പ് കണ്ടെത്തി. എന്നാൽ തോട്ടത്തിൽവച്ച് കടുവയെ മയക്കുവെടിവയ്ക്കുന്നത് ദുഷ്കരമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു. അതിനാൽ കടുവയെ തുറസായ സ്ഥലത്തെത്തിച്ച് മയക്കുവെടിവയ്ക്കാൻ ശ്രമിക്കുമെന്നും അജിത് പറഞ്ഞു.
അതേസമയം കടുവയെ കണ്ടെത്തിയ കാപ്പിത്തോട്ടത്തിൽ ആർആർ ടീം എത്തും മുൻപ് കടുവ മറ്റൊരു സ്ഥലത്തേക്കു നീങ്ങി. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കടുവയ്ക്കായി വ്യാപക തെരച്ചിൽ നടത്തിവരികയാണ്. അതേസമയം കടുവ ഇന്നും വളർത്തുമൃഗത്തെ കൊന്നു.
ഊട്ടിക്കവലയ്ക്കു സമീപം പായിക്കണ്ടത്തിൽ ബിജുവിൻറെ ആടിനെയാണ് കടുവ കടിച്ചുകൊന്നത്. വീട്ടുകാർ ബഹളംവച്ചതോടെ കടുവ ആടിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇതോടെ കടുവ കൊന്ന വളർത്തു മൃഗങ്ങളുടെ എണ്ണം നാലായി. കേശവൻ എന്നയാളുടെ ആടിനെ തിങ്കളാഴ്ച കടുവ പിടിച്ചിരുന്നു. കടുവയ്ക്കായി വ്യാപക തെരച്ചിൽ നടക്കുന്നതിനിടെയാണ് കടുവ തുടർച്ചയായി മൃഗങ്ങളെ പിടിക്കുന്നത്.