ഹരിപ്പാട്: മകൻ്റെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയെന്ന വാർത്തയ്ക്കെതിരേ സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവച്ച് യു.പ്രതിഭ എംഎൽഎ. മകന്റെ പക്കൽനിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് പ്രതിഭ വീഡിയോയിൽ പറയുന്നു. മകനെതിരായി വന്ന വാർത്ത നിഷ്കളങ്കമല്ലെന്നും അവർ അവകാശപ്പെട്ടു. മകന്റെ കയ്യിൽനിന്നു കഞ്ചാവ് പിടികൂടിയെന്ന് തന്നോട് പൊലീസ് പറഞ്ഞിട്ടില്ല. മകൻ ഈ നാട്ടിലെ എല്ലാവരുമായി കൂട്ടാണ്. മകന്റെ കയ്യിൽനിന്നു കഞ്ചാവ് പിടിച്ചാൽ അവന്റെ കൂടെ നിൽക്കില്ല, താൻ മാധ്യമങ്ങളോട് തുറന്നുപറയുമായിരുന്നെന്നും പ്രതിഭ പറഞ്ഞു.
ഇല്ലാത്ത വാർത്ത ആഘോഷിച്ചതിൽ അമർഷമുണ്ട്. മകന്റെ ഒപ്പമുണ്ടായിരുന്നവരുടെ കാര്യം അറിയില്ല. ആ കാര്യങ്ങൾ ബാക്കി കുട്ടികളുടെ മാതാപിതാക്കളോട് ചോദിക്കണമെന്നും പ്രതിഭ പറഞ്ഞു.
യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേരെയാണ് 3 ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന 9 പേരെയും അറസ്റ്റ് ചെയ്തതെന്നു കുട്ടനാട് എക്സൈസ് അറിയിച്ചു.
കനിവ്, സച്ചിൻ, മിഥുൻ, ജെറിൻ, ജോസഫ്, ബെൻസ്, സജിത്, അഭിഷേക്, സോജൻ എന്നിവരെയാണ് സിഐ ആർ.ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. 3 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കഞ്ചാവ് വലിച്ചതിനുമാണ് കേസെടുത്തത്. പ്രതിഭയുടെ മകനെതിരെ കഞ്ചാവ് വലിച്ചതിനുള്ള എൻടിപിഎസ് 27 വകുപ്പ് മാത്രമാണു ചുമത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടു. അതേസമയം പ്രതികളുടെ കൈവശം കൂടുതൽ കഞ്ചാവ് ഉണ്ടായിരുന്നെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ വേണ്ടി അളവ് കുറച്ചുകാണിക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.