ചില നേരത്ത് ഇടി വെട്ടിയവനെ പാമ്പ് കടിക്കും എന്ന് പഴമക്കാർ പറയാറുണ്ട്. അത്തരത്തിലൊരു പണിയാണ് ചൈനയിലൊരു യുവതിക്ക് കിട്ടിയത്. തന്നെ വഞ്ചിച്ച, തൻറെ അമ്മയുടെ മരണത്തിന് കാരണക്കാരനായ ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് കോടതിയിൽ ഫയൽ ചെയ്തതോടെ യുവതിക്ക് നഷ്ടമായത് സ്വന്തം സ്വത്തിൻറെ പകുതിയെന്ന് റിപ്പോർട്ട്.
സെജിയാങ് പ്രവിശ്യയിലാണ് സംഭവം. ഇരുവരും വിവാഹിതരായിട്ട് 20 വർഷമായി. മൂന്ന് വർഷം മുമ്പ് രോഗബാധയെ തുടർന്ന് യുവതിയുടെ അച്ഛൻ മരിച്ചിരുന്നു. ഇതിന് പിന്നാലെ അമ്മയും രോഗിയായി. ഒരു ദിവസം രോഗിയായ അമ്മയുമായി നടക്കാനിറങ്ങിയ യുവതി തെരുവിൽ വച്ച് കാണുന്നത് മറ്റൊരു സ്ത്രീയോടൊപ്പം കറങ്ങുകയായിരുന്ന സ്വന്തം ഭർത്താവിനെയായിരുന്നു. ഇതോടെ സംഭവം വലിയ സംഘർഷത്തിന് കാരണമാവുകയും ഇതിനിടെ ഹൃദയാഘാതത്തെ തുടർന്ന് സംഭവ സ്ഥലത്ത് വച്ച് യുവതിയുടെ അമ്മ മരിക്കുകയുമായിരുന്നെന്ന് സിറ്റി എക് സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അമ്മയുടെ മരണത്തിന് മൂന്ന് മാസങ്ങൾക്ക് ശേഷം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഡിവോഴ്സ് കിട്ടാൻ കാത്തിരുന്ന ഭർത്താവും അതിന് സമ്മതിച്ചു. പക്ഷെ സ്വത്തിൻറെ പാതി തനിക്ക് വേണമെന്ന ആവശ്യവും ഉന്നയിച്ചു. പിന്നാലെ കേസ് പ്രാദേശിക കോടതിയിലെത്തി. രാജ്യത്തെ നിയമം അനുസരിച്ച് കോടതി, ഭാര്യയുടെ പാതി സ്വത്തിന് ഭർത്താവ് അർഹനാണെന്ന് വിധിച്ചു.
സംഭവം വേറൊന്നുമല്ല, ചൈനീസ് നിയമപ്രകാരം വിവാഹ വേളയിൽ പങ്കാളികൾക്ക് ലഭിക്കുന്ന സ്വത്തിൽ ഇരുവർക്കും തുല്യ അവകാശമുണ്ട്. അതല്ലായെങ്കിൽ പൂർവീകമായി കിട്ടിയ സ്വത്ത് ആർക്കാണെന്ന് വിൽപത്രത്തിൽ എഴുതണം. ഇവിടെ യുവതിയുടെ അമ്മ മരിക്കുമ്പോൾ അവർ അങ്ങനെയൊരു വിൽ എഴുതിയിരുന്നില്ല. മാത്രമല്ല, വിവാഹത്തോടെ അമ്മയുടെ സ്വത്ത് മകൾക്ക് പരമ്പരാഗതമായി ലഭിക്കുകയും ചെയ്തിരുന്നു.
അമ്മയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും നിയമം അനുസരിച്ച് ഭാര്യയുടെ സ്വത്തിൻറെ പകുതിയ്ക്ക് ഭർത്താവും അർഹനാണെന്നായിരുന്നു കോടതി വിധിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.