കോഴഞ്ചേരി: സ്വന്തംവീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ അളവ് നോക്കാൻ കസേരയിട്ടുകയറിയ 92-കാരി കിണറ്റിൽവീണു. നാട്ടുകാരും ആറന്മുള പോലീസും ചേർന്ന് രക്ഷിച്ചു. ചൊവ്വാഴ്ച പകൽ 12 മണിയോടെയാണ് സംഭവം. കോഴഞ്ചേരി തെക്കേമല ട്രയംഫന്റ് ജങ്ഷനു സമീപമുള്ള നടുവിലേതിൽ ഗൗരി (92) ആണ് അബദ്ധത്തിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. വീഴ്ചയിൽ കാര്യമായ പരുക്കില്ല.
ചൂടുമൂലം ജലക്ഷാമമുള്ള പ്രദേശത്ത് കിണറുകൾ വറ്റിത്തുടങ്ങിയിരുന്നു. ഇതോടെ സ്വന്തം കിണറ്റിലെ വെള്ളത്തിന്റെ നില നോക്കാൻ കസേരയിട്ട് അതിൽ കയറി എത്തി നോക്കുമ്പോഴാണ് കാൽതെറ്റി മുപ്പതടിയോളം താഴ്ചയിലേക്കുവീണത്. മകൻ ഓമനക്കുട്ടനും ഭാര്യ മിനിയും ജോലിക്ക് പോയതിനാൽ വീട്ടിൽ ആസമയം മറ്റാരും ഉണ്ടായിരുന്നില്ല.
സംഭവംകണ്ട അയൽവാസി ശിവൻകുട്ടി പഞ്ചായത്തംഗം സോണി കൊച്ചുതുണ്ടിയിലിനെ വിവരമറിയിച്ചു. സോണി വിവരം അറിയിച്ചതിനെ തുടർന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാർ കിണറ്റിലിറങ്ങി ഗൗരിയെ കസേരയിലിരുത്തി. വടം കസേരയിൽകെട്ടി സുരക്ഷിതമായി കരയിലെത്തിച്ചു. കിണറ്റിൽ മൂന്നടിയോളം വെള്ളം ഉണ്ടായിരുന്നു. നാട്ടുകാർ ചെല്ലുമ്പോൾ ഗൗരി എഴുന്നേറ്റുനിൽക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച ഗൗരിയെ പ്രഥമശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാല് നിലത്തുകുത്താൻ ബുദ്ധിമുട്ടുണ്ടെന്നല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും അപകടത്തിൽ ഉണ്ടായിട്ടില്ല.
വീട്ടില്‍ വരരുതെന്ന് പറഞ്ഞു, നമ്പര്‍ ബ്ലോക്ക് ചെയ്തു, വൈരാഗ്യത്തിലായ 53കാരന്‍ യുവതിയെ തീകൊളുത്താൻ ശ്രമിച്ചു, യുവതി രക്ഷപ്പെട്ടത് അടുത്തുള്ള കടയിൽ ഓടിക്കയറി