ന്യൂകാസിൽ: പ്ലേ സ്കൂളിൽ പോകുന്ന വഴിയിൽ തൊട്ടത് അപകടകാരിയായ ചെടിയിൽ. മൂന്ന് വയസുകാരന്റെ വിരലുകൾ പൊള്ളി വീർത്തു. ബ്രിട്ടനിലെ ന്യൂകാസിലിൽ ആണ് സംഭവം. ബ്രൂക്ക്ലിൻ ബോൺ എന്ന മൂന്ന് വയസുകാരനാണ് വിരലുകൾ വിഷച്ചെടിയിൽ തട്ടിയതോടെ പൊള്ളി വീർത്തത്. ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ ചെടിയെന്ന് കുപ്രസിദ്ധമായ ജയന്റ് ഹോഗ്വീഡ് ചെടിയിലാണ് മൂന്ന് വയസുകാരൻ തട്ടിയത്. പ്ലേ സ്കൂളിലേക്ക് പോകുംവഴി പൂപറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ഇത്.
അസഹ്യമായ നിലയിൽ പൊള്ളൽ അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയുടെ രക്ഷിതാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയത്. പഴുപ്പിന് സമാനമായ നിലയിൽ ദ്രാവകം നിറഞ്ഞ നിലയിൽ പൊള്ളിയ വിരലുമായാണ് കുട്ടി ചികിത്സ തേടിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ചെടിയിൽ തൊട്ട് നിമിഷങ്ങൾക്കുള്ളിൽ കുട്ടി കൈ വലിച്ചതിനാൽ പൊള്ളൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഏറ്റിട്ടില്ല. സൗത്ത് ടിനെസൈഡിലെ ആശുപത്രിയിലാണ് മൂന്ന് വയസുകാരനെ പ്രവേശിപ്പിച്ചത്.
ജയന്റ് ഹോഗ്വീഡ് ചെടിയുമായി സമ്പർക്കത്തിൽ വന്ന് കഴിഞ്ഞാൽ ഗുരുതര ത്വക്ക് പ്രശ്നങ്ങളാണ് വർഷങ്ങളോളം അനുഭവപ്പെടുക. സഹിക്കാനാവാത്ത വേദനയും നീരുമാണ് സമ്പർക്കത്തിൽ വന്ന ഭാഗത്ത് അനുഭവപ്പെടുക. ചെറിയൊരു സ്പർശനം പോലും അതീവ അപകടകാരിയാക്കുന്നതാണ് ഈ ചെടി. സെക്കൻഡ് ഡിഗ്രി പൊള്ളലിനാണ് നിലവിൽ മൂന്ന് വയസുകാരന് ചികിത്സ നൽകുന്നത്. നാല് ആഴ്ചയോളം വേണ്ടി വരും വിരലിലെ പൊള്ളൽ മാറാനെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.
കൊക്കേഷ്യ സ്വദേശിയായ ജയന്റ് ഹോഗ്വീഡ് ബ്രിട്ടനിലെത്തിയത് 1817ലാണ്. ഇതിന് പിന്നാലെ അധിനിവേശ സസ്യമായ ഹോഗ്വീഡ് വളരെ വേഗത്തിൽ ബ്രിട്ടന്റെ പല ഭാഗത്തും പടരുകയായിരുന്നു. 19ാം നൂറ്റാണ്ടിൽ അലങ്കാര ചെടിയായാണ് ജയന്റ് ഹോഗ്വീഡ് ബ്രിട്ടനിലെത്തിയത്. വെള്ളത്തിലൂടെ വിത്തുകൾ പടരുന്നതിനാൽ ബ്രിട്ടനിലെ നദീ തീരങ്ങളിൽ ഈ ചെടിയുടെ വ്യാപനം വളരെ പെട്ടന്നായിരുന്നു.