ലക്നൗ: പേരുകൾ പലതാണ് ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ, ബിഹാറിൽ നേഹ, ഉത്തർ പ്രദേശിൽ സ്വീറ്റി… പക്ഷെ ആൾ ഒന്നുതന്നെ… മാട്രിമോണിയൽ സൈറ്റുകളിലൂടെ 21 വയസിനിടെ 12 പേരെ വിവാഹം കഴിച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ. ലക്നൗ സ്വദേശിയായ ഗുൽഷാന റിയാസ് ഖാനാണ് വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായത്. ഒരു പ്രായം കഴിഞ്ഞിട്ടും വിവാഹം ശരിയാകാത്ത പുരുഷന്മാരെയാണ് ഇവർ നോട്ടമിട്ടിരുന്നത്.
‘ഡാകു ദുൽഹൻ’ അഥവാ തട്ടിപ്പ് വധു എന്ന് പോലീസ് പേരിട്ട ഗുൽഷാനയുടെ വിവാഹത്തട്ടിപ്പിന് ഒരു സംഘം തന്നെയുണ്ട്. ഇവരിൽ 8 പേരെയും ലക്നൗ അംബേദ്കർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. 5 സ്ത്രീകളും 4 പുരുഷന്മാരും അടങ്ങുന്നതാണ് ഗുൽഷാനയുടെ തട്ടിപ്പുസംഘം. സംഘത്തിലെ മറ്റുള്ളവർ ഗുൽഷാനയുടെ ബന്ധുക്കളായി അഭിനയിക്കും. വിവിധ സംസ്ഥാനങ്ങളിലെ മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും കേന്ദ്രീകരിച്ച് വിവാഹ പരസ്യങ്ങൾ നൽകും. എല്ലായിടത്തും പേരുകൾ മാറുമെങ്കിലും ഗുൽഷാനയുടെ ചിത്രമാണ് നൽകുക. താൽപര്യം അറിയിക്കുന്ന യുവാക്കളുടെ മാതാപിതാക്കളുമായി സംസാരിച്ച് വിവാഹം നടത്തും.
പക്ഷെ വിവാഹം വൈകിയ യുവാക്കളെ കല്യാണം കഴിക്കുന്നതിന്റെ പേരിൽ അവരുടെ മാതാപിതാക്കളിൽനിന്ന് നല്ലൊരു തുകയും വിലപേശി വാങ്ങും. വിവാഹത്തിന്റെ അന്നോ കുറച്ചു ദിവസങ്ങൾക്കു ശേഷമോ ‘വധു’വിനെ മോട്ടർ സൈക്കിളിലെത്തുന്ന സംഘം തട്ടിക്കൊണ്ടു പോകും. പിന്നെ വധുവിനെക്കുറിച്ച് യാതൊരു അഡ്രസുമുണ്ടാകില്ല. അതേസമയം ഇവരുടെ ഏറ്റവും ഒടുവിലെ ഇര ഹരിയാനയിലെ റോഹ്തക്കിൽ നിന്നുള്ള സോനു ആയിരുന്നു. വിവാഹത്തിന് 80,000 രൂപ നൽകിയെങ്കിലും അത് നടന്നില്ല. വിവാഹദിവസം വധു അപ്രത്യക്ഷയായതോടെ സോനു യുപി പോലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്.
അതേസമയം യുപിയിലെ ജൗൻപുർ സ്വദേശിയായ റിയാസ് ഖാനാണ് ഗുൽഷാനയുടെ യഥാർഥ വരൻ. തയ്യൽ ജോലി ചെയ്യുന്ന ഇയാൾക്ക് ഗുൽഷാനയുടെ തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും വിവാഹത്തട്ടിപ്പിലൂടെ ഇവർക്ക് കിട്ടുന്ന തുകയുടെ 5 % ഇയാൾ കൈപ്പറ്റാറുണ്ടെന്നും പോലീസ് പറയുന്നു. അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽനിന്ന് 72,000 രൂപയും താലിമാലയിലും 11 മൊബൈൽ ഫോണും 3 വ്യാജ ആധാർ കാർഡും പിടിച്ചെടുത്തതായി അംബേദ്കർ നഗർ എസ്പി കേശവ് കുമാർ പറഞ്ഞു.