ചണ്ഡീഗഡ്: പഞ്ചാബില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 30 മരണം. 23 ജില്ലകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനം 1988-ന് ശേഷം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമെന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് സത്ലജ്, ബിയാസ്, രവി നദികളിലും പുഴകളിലും ജലനിരപ്പ് ഉയര്‍ന്നതാണ് പഞ്ചാബിലെ പ്രളയത്തിന് കാരണം.
കനത്ത മഴ ലഭിക്കുക കൂടി ചെയ്തപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ തീവ്രത കൂടി.
ഗുര്‍ദാസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക, കപൂര്‍ത്തല, തരണ്‍ താരണ്‍, ഫിറോസ്പൂര്‍, ഹോഷിയാര്‍പൂര്‍, അമൃത്സര്‍ ജില്ലകളിലെ ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. സുരക്ഷ ഉറപ്പാക്കാന്‍, സെപ്റ്റംബര്‍ 7 വരെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത, സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, പോളിടെക്‌നിക് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
വെള്ളപ്പൊക്കത്തില്‍ 1.48 ലക്ഷം ഹെക്ടറിലധികം കൃഷിഭൂമി നശിച്ചതായി അധികൃതര്‍ അറിയിച്ചു. ദുര്‍ബലമായ സ്ഥലങ്ങളില്‍ ബണ്ട് ബലപ്പെടുത്തുന്നതിനും, ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ഭക്ഷണവും കാലിത്തീറ്റയും എത്തിക്കുന്നതിനും, കൂടുതല്‍ വെള്ളപ്പൊക്കം തടയുന്നതിന് പ്രധാന ജലപാതകള്‍ വൃത്തിയാക്കുന്നതിനും സൈന്യം രംഗത്തുണ്ട്. പ്രളയബാധിതര്‍ക്കുള്ള സഹായവുമായി എന്‍ജിഒകളും സിഖ് സംഘടനകളും രംഗത്തെത്തി. അരി, പയറുവര്‍ഗ്ഗങ്ങള്‍, കടുക് എണ്ണ, ബിസ്‌ക്കറ്റ്, ഗോതമ്പ് മാവ്, മരുന്നുകള്‍, കന്നുകാലിത്തീറ്റ എന്നിവയുള്‍പ്പെടെയുള്ള നല്‍കുന്നുണ്ട്.
ജില്ലാ ഭരണകൂടങ്ങള്‍ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, പല ഗ്രാമീണരും അവരുടെ വീടുകളില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതാണ് സ്ഥിതിഗതികള്‍ ഏറെ വഷളാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍, താമസക്കാര്‍ വീടുകളുടെ മേല്‍ക്കൂരകളിലേക്കോ ഉയര്‍ന്ന സ്ഥലങ്ങളിലേക്കോ മാറിയിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ആരംഭിച്ചിട്ടുണ്ട്.
‘രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം, പഞ്ചാബ് അതിനൊപ്പം നിന്നു- അത് ഹരിത വിപ്ലവമായാലും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായാലും. ഞങ്ങള്‍ പരമാവധി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന്, പഞ്ചാബ് പ്രതിസന്ധിയിലാണ്, രാജ്യം ഞങ്ങളോടൊപ്പം നില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഫിറോസ്പൂരിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ പറഞ്ഞു.