വൈക്കം: വീട്ടിൽവീണ് തലയ്ക്ക് പരുക്കേറ്റ് താലൂക്ക് ആശുപത്രിയിലെത്തിച്ച 11 കാരന്റെ തലയിൽ സ്റ്റിച്ചിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. ശനിയാഴ്ച വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞപുഴ കൂമ്പേൽ കെപി സുജിത്തിന്റെയും സുരഭിയുടെയും മകൻ എസ് ദേവതീർഥിനാണ് (11) വീട്ടിൽ തെന്നിവീണ് തലയുടെ വലതുവശത്ത് പരുക്കേറ്റത്.
കുട്ടിയെ ഉടൻ മാതാപിതാക്കൾ ദേവതീർഥിനെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡ്രസിങ് മുറിയിൽ വൈദ്യുതി ഇല്ലെന്നുപറഞ്ഞ് ദേവതീർഥിനെ അറ്റൻഡർ ഒപി കൗണ്ടറിന്റെ മുന്നിലിരുത്തി. മുറിവിൽനിന്ന് രക്തം ഒഴുകിയതോടെ ദേവതീർഥിനെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. ‘ഇരുട്ടാണല്ലോ, വൈദ്യുതി ഇല്ലേ’ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന്, ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.
തലയിലെ മുറിവും ചുറ്റും ഇരുട്ടായതും കൊണ്ട് മകനും പേടിയായി. എല്ലാവരുടെയും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് മകന്റെ സ്റ്റിച്ച് ഇട്ട് പൂർത്തിയാക്കിയത്. നിരവധി പേർ സ്റ്റിച്ച് ഇടാനായി കാത്തുനിൽകുന്നുണ്ടായിരുന്നു. കാഷ്വാലിറ്റിയിലടക്കം ഇരുട്ടായിരുന്നു. സ്റ്റിച്ച് ഇട്ട ശേഷം ഒബ്‌സർവേഷനിൽ പോലും ഇരുത്തില്ല’.- കുട്ടിയുടെ അമ്മ പറഞ്ഞു