പള്ളിക്കര: ഫോണിൽ നിരന്തരം ആൺസുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസുകാരനായ മകന്റെ ദേഹത്ത് ചായപ്പാത്രം കൊണ്ട് പൊള്ളിച്ചതായുള്ള പരാതിയിൽ അമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്. കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.
കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ യുവതി ഫോണിൽ സംസാരിക്കുന്നതിനിടെ മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറ്റിൽ പൊള്ളിക്കുകയായിരുന്നെന്നാണ് പരാതിയിലുള്ളത്. ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം സ്കൂളിൽ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയായ സുഹൃത്തുമായി യുവതി വീഡിയോ കോൾ ചെയ്യുന്നതും ഫോണിൽ സംസാരിക്കുന്നതും പതിവായിരുന്നത്രേ. ഇത് അവസാനിപ്പിക്കാൻ മകൻ പലതവണ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതിൽ നിന്ന് പിന്മാറിയില്ല. തുടർന്നു 10 വയസുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയിൽ പറയുന്നു.
ഇതിനിടെ യുവതി 2 മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിലും ബേക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്.