തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് വലിയ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ ആളാണ് വെളളാപ്പളളി നടേശനെന്നും എസ്എന്‍ഡിപിയെ സാമ്പത്തീക ഉന്നതിയിലേക്ക് നയിച്ച നേതാവാണെന്നും പിണറായി വിജയന്‍. വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിന് എസ്എന്‍ഡിപി യോഗം വഹിച്ച പങ്ക് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്ത് അറിവാണ് യഥാര്‍ത്ഥ ശക്തിയെന്നും അതിനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസമാണെന്ന് പഠിപ്പിച്ചതും ഗുരുവാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം എസ്എന്‍ഡിപിക്ക് ഉണ്ടെന്നും അത് സമൂഹത്തിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ലെന്നും പറഞ്ഞു.
തദ്ദേശ തെരഞ്ഞെടപ്പും നിയമസഭാ തെരഞ്ഞെടുപ്പും തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ പിണറായിയുടെ പ്രസ്തവനയ്ക്ക് ഗൗരവം ഏറെയാണ്. നേരത്തേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്താനിരിക്കുന്ന അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസും എസ്എന്‍ഡിപിയും രംഗത്ത് വന്നിരുന്നു. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലെ പ്രബല സമുദായങ്ങള്‍ പിന്തുണച്ച് രംഗത്ത് വന്നത്. അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് അയ്യപ്പരുടെ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ഹിന്ദുഐക്യവേദി.
ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനച്ചടങ്ങിലായിരുന്നു വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി വാനോളം പുകഴ്ത്തിയത്. അതേസമയം, ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹളയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാപ്പിളമാര്‍ ഹിന്ദു മതത്തിലുള്ളവരെ കൊല്ലുന്നത് കണ്ടതുകൊണ്ടാണ് എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാന്‍ വേണ്ടി ഗുരു സര്‍വ്വമത സമ്മേളനം നടത്തിയതെന്ന് നേരത്തേ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.