ന്യൂയോര്‍ക്ക്: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ഇന്ത്യക്കാരുടെ മരണങ്ങള്‍ വീണ്ടും റഷ്യ-യുക്രൈന്‍ യുദ്ധത്തിലേക്കാണു ലോക ശ്രദ്ധ ക്ഷണിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം രണ്ടാം ലോകമഹായുദ്ധത്തില്‍പോലും കാണാത്ത തരത്തിലാണ് ജീവനുകള്‍ ഇല്ലാതാക്കുന്നത്. ഇതിലൂടെ അനാഥമാകുന്നവരുടെ കുടുംബങ്ങളെക്കുറിച്ചുള്ള വേവലാതികളും ആര്‍ക്കുമില്ല.
യുക്രൈന്‍ ഡ്രോണുകളും മൈനുകളും ഉപയോഗിച്ചുള്ള മുന്നേറ്റം പതിനായിരക്കണക്കിനു റഷ്യന്‍ സൈനികരെയാണു കൊന്നൊടുക്കുന്നത്. അതുപോലെതന്നെ നാശംവരുത്താന്‍ റഷ്യക്കും കഴിയുന്നു. ഗുരുതരമായി പരിക്കേല്‍ക്കുന്നവരും കാണാതാകുന്നവരും വേറെ. അതുകൊണ്ടു യുദ്ധമുണ്ടാക്കുന്ന ദുരന്തമെത്രയെന്ന് പ്രവചിക്കുക വയ്യ.
ഇരു രാജ്യങ്ങളും സൈനിക വിവരങ്ങള്‍ രഹസ്യമാക്കിയാണു വയ്ക്കുന്നത്. യുക്രൈന്‍ തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. മൂന്നുവര്‍ഷത്തിലെ യുദ്ധത്തിലൂടെ റഷ്യയെ അപേക്ഷിച്ചു കുറവ് ആള്‍നാശമാണ് യുക്രൈനുള്ളതെന്നാണു ലഭ്യമായ കണക്കുകള്‍. റഷ്യക്കു യുക്രൈന്റെ ഇരട്ടിയോളം സൈനികരെ നഷ്ടമായി. പക്ഷേ, അപ്പോഴും പട്ടാളക്കാരുടെ എണ്ണം വച്ചുനോക്കുമ്പോള്‍ യുദ്ധത്തിലെ മുന്‍കൈ റഷ്യക്കുതന്നെയാണെന്നു വിലയിരുത്തുന്നു.
നഷ്ടമാകുന്ന പട്ടാളക്കാരുടെ എണ്ണത്തിന് അനുസരിച്ചു പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ റഷ്യക്കു കഴിയുന്നു. യുക്രൈനിന്റെ നാലിരട്ടിയോളം ജനസംഖ്യയുണ്ട് റഷ്യക്ക്. ‘തടിയന്‍മാര്‍ മെലിയും. പക്ഷേ, മെലിഞ്ഞവര്‍ വേഗം മരിക്കും’ എന്ന സിദ്ധാന്തമാണ് ഫ്രാന്‍സ് ഗാഡിയെന്ന വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിലിട്ടറി അനലിസ്റ്റ് പറയുന്നത്.
യുക്രൈനില്‍നിന്നുള്ള സൈനികരുടെ നാശം സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടില്ല. എന്നാല്‍, മരണങ്ങളും മരണാനന്തര ബഹുമതികളും മരണ അറിയിപ്പുകളും മറ്റ് മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രോഡീകരിക്കുന്ന വെബ്‌സൈറ്റായ ലോസ്റ്റാര്‍മര്‍. ഇന്‍ഫോ, യുഎലോസസ്.ഓര്‍ഗ് എന്നീ വെബ്‌സൈറ്റുകള്‍ അനുസരിച്ച് കുറഞ്ഞത് 62,000 യുക്രൈന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടന്നു പറയുന്നു. ചില മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകിയാണു പുറത്തുവിടുന്നത്. ചിലവ പുറത്തുവിടാറേയില്ല. ലോസ്റ്റാര്‍മറിന്റെ കണക്കനുസരിച്ച യുക്രൈനില്‍ ഡിസംബര്‍വരെ ഒരുലക്ഷം സൈനികര്‍ മരിച്ചെന്നാണ്.
ഇതുപോലെ റഷ്യയില്‍നിന്നുള്ള ഗവേഷകര്‍ പറയുന്നത് 1,50,000 സൈനികര്‍ റഷ്യക്കു നവംബര്‍ അവസാനംവരെ നഷ്ടമായെന്നു പറയുന്നു. ലോസ്റ്റാര്‍മറില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന പത്തുപേരാണ് ഇത്തരം വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്. റഷ്യയോട് ചായ്‌വുള്ളവരാണ് ഇവര്‍. എന്നാല്‍, ഇരുരാജ്യങ്ങളുമായും ബന്ധമില്ലെന്ന് ‘ന്യൂയോര്‍ക്ക് ടൈംസി’നോട് ഇവര്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍, ഇവരുടെ ചായ്‌വുകളുടെ പേരില്‍ കണ്ടെത്തലുകള്‍ തെറ്റെന്നു പറയാന്‍ കഴിയില്ലെന്നാണു ന്യൂയോര്‍ക്ക് ടൈംസിന്റെ നിലപാട്. റഷ്യന്‍ മാധ്യമ സ്ഥാപനമായ മീഡീയസോണ, യുക്രൈനിയന്‍ സന്നദ്ധവിഭാഗമായ മെമ്മറി ബുക്ക് എന്നിവ രണ്ടു കണക്കുകളും പരിശോധിച്ചിട്ടുണ്ട്. ഇവരുടെ റാന്‍ഡം പരിശോധനകള്‍ ഇവരുടെ കണക്കുകള്‍ ശരിയാണെന്നു ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് ലോസ്റ്റാര്‍മറിന്റെ കണക്കുകള്‍ 97 ശതമാനവും ശരിയാണ്. അഞ്ചുശതമാംവരെ പിഴവിനുള്ള സാധ്യതയുമുണ്ട്.
സ്വതന്ത്ര യുദ്ധ റിപ്പോര്‍ട്ടറായ യുറില്‍ ബുതുസോവ് പറയുന്നത് തന്റെ യൂട്യുബിലെ 1.2 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരില്‍ ചിലര്‍ക്കു യുക്രൈനിയന്‍ സായുധ സൈന്യത്തില്‍ സോഴ്‌സുകളുണ്ടെന്നാണ്. ഇതനുസരിച്ച് 1,05,000 പട്ടാളക്കാര്‍ യുക്രൈനു നഷ്ടമായി. 70,000 പേര്‍ കൊല്ലപ്പെട്ടു. 35,000 പേര്‍ മിസിംഗ് ആണ്. പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ കണക്കുകളേക്കാള്‍ വളരെയധികമാണിത്.
ആംഡ് ഫോഴ്‌സ് കമാന്‍ഡിനു പുറത്തുള്ളവരുടെ വിവരങ്ങളില്ലെന്നും ബുസുതോവ് പറയുന്നു. അതുകൂടി പരിഗണിച്ചാല്‍ മരണം ഇനിയും ഉയരും. പാശ്ചാത്യ രാജ്യങ്ങളുമായി അടുപ്പമുള്ള മിലിട്ടറി അനലിസ്റ്റും ഈ കണക്കുകള്‍ സാധൂകരിക്കുന്നു. യുക്രൈനു പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ളതുകൊണ്ട് ഇദ്ദേഹം പേരു വെളിപ്പെടുത്തിയിട്ടില്ല. യഥാര്‍ഥ കണക്കുക പുറത്തുവിട്ടുന്നതിനും ഈ രാജ്യങ്ങള്‍ക്കു താത്പര്യമില്ല. ബുസുതോവിന്റെ കണക്കുകളില്‍ ഗുരുതരമായി പരിക്കേറ്റവരെക്കുറിച്ചു വിവരമില്ല.
യുക്രൈനിലെ നിരവധി സൈനികരെ കാണാനില്ല. 59,000 പേരെ കാണാനില്ലെന്നു യുക്രൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇത. ബുസുതോവ് 35,000 പേരെ കാണാനില്ലെന്നു കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞിട്ടുണ്ട്. ഇവരിലേറെയും കൊല്ലപ്പെടാനാണു സാധ്യത. യുക്രൈന്‍ നിയമം അനുസരിച്ചു കാണാതായവരുടെ വിവരങ്ങള്‍ ലഭിക്കുന്നതുവരെ അവരെ മരിച്ചവരായി കാണില്ല. യുദ്ധത്തിലെ മരണത്തിന്റെ നിരക്കുകള്‍ താഴ്ന്നു നില്‍ക്കാനും കാരണം ഇതാണ്.
എന്താണ് ഇത് അര്‍ഥമാക്കുന്നത്?
അനലിസ്റ്റുകളുടെ കണക്കുകള്‍ അനുസരിച്ച് യുക്രൈന് ഒരു സൈനികനെ നഷ്ടമാകുമ്പോള്‍ റഷ്യക്ക് രണ്ടോ അതിലധികമോ പട്ടാളക്കാരെ നഷ്ടമാകുന്നു എന്നാണ്. എന്നാല്‍, ഈ കണക്കുകള്‍വച്ച് റഷ്യക്കുമേല്‍ വിജയിക്കാന്‍ കഴിയുമെന്നു പറയാനാകില്ല. കാരണം റഷ്യയുടെ ജനസംഖ്യയും റിക്രൂട്ട്‌മെന്റുമാണ്. നാട്ടുകാര്‍ക്കു പുറമേ, ഇന്ത്യയില്‍നിന്നടക്കം കൂലിപ്പട്ടാളക്കാരെയും എടുക്കുന്നുണ്ട്. ഇവര്‍ക്കു മതിയായ പരിശീലനം നല്‍കാതെയാണ് യുദ്ധ ഭൂമിയിലേക്ക് അയയ്ക്കുന്നത്.
നിലവില്‍ നാലുലക്ഷം റഷ്യന്‍ സൈനികരെ നേരിടാന്‍ രണ്ടരലക്ഷം യുക്രൈന്‍ സൈനികരാണുള്ളത്. എന്നാല്‍, ഇരുവര്‍ക്കുമിടയിലെ സൈനിക ശക്തിയുടെ വിടവു വര്‍ധിക്കുകയാണ്. റഷ്യക്കു വിടവുകള്‍ നികത്താന്‍ എളുപ്പം കഴിയും. യുക്രൈനിന്റെ നാലിരട്ടി ജനസംഖ്യയുണ്ടിവിടെ. റഷ്യന്‍ ഏകാധിപതിയായ പുടിന്‍ പുതിയ റിക്രൂട്ടുകള്‍ക്കു വന്‍ ശമ്പളമാണു നല്‍കുന്നത്. കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ പുറത്തുകടക്കാനുള്ള മാര്‍ഗമായും റഷ്യന്‍ സൈനിക പ്രവേശനത്തെ കാണുന്നുണ്ട്. റഷ്യന്‍ സാമ്പത്തിക കണക്കുകള്‍ പരിശോധിച്ചവര്‍ പ്രതിദിനം 600-1000 സൈനികരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണു പറയുന്നത്. വടക്കന്‍ കൊറിയയുടെ 11,000 സൈനികര്‍ റഷ്യയെ സഹായിക്കുന്നുണ്ട്.
ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള യുക്രൈനിന്റെ നീക്കം ഫലപ്രദമായുമില്ല. സെലന്‍സിക്കെതിരേ വലിയ പ്രതിഷേധവും ഇതുയര്‍ത്തി. നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്നു പുറത്തുകടക്കാന്‍ ചിലര്‍ ഒളിവില്‍ പോയി. മറ്റു ചിലര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലിവരെ നല്‍കി. ജയിലിലുള്ളവരെ യുദ്ധത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമവും പൂര്‍ണമായി വിജയിച്ചിട്ടില്ല. റിക്രൂട്ട്‌മെന്റ് വിടവാണ് യുദ്ധത്തില്‍ നിര്‍ണായകമാകുന്നത്. റഷ്യക്കാണ് വന്‍ ആള്‍ നാശമുണ്ടാകുന്നത്. എന്നാല്‍, യുക്രൈനിന്റെ ഭാഗത്തുണ്ടാകുന്ന ചെറിയ നാശം പോലും റഷ്യയുടെ വിജയത്തിലേക്കുള്ള ചുവടുവയ്പാണ്.