ന്യൂഡല്‍ഹി: ബിഹാറിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമത്തില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2024 ഡിസംബര്‍ 31-നോ അതിനു മുന്‍പോ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാമെന്നതാണ് പുതിയതായി കൊണ്ടുവന്നിരിക്കുന്ന മാറ്റം.
നേരത്തെ 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ എത്തിയവര്‍ക്കായിരുന്നു പൗരത്വത്തിനായി അപേക്ഷിക്കാന്‍ സാധിക്കുക. ഇതാണ് 2024 ഡിസംബര്‍ 31 വരെയാക്കി പുതുക്കിയത്. ഇതോടെ 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് തുടരാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക. 2025-ല്‍ നടപ്പാക്കിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം പുറപ്പെടുവിച്ച സുപ്രധാന ഉത്തരവ്, 2014-ന് ശേഷം ഇന്ത്യയിലേക്ക് എത്തിയ പാകിസ്താനില്‍ നിന്നുള്‍പ്പെടെയുളള ഹിന്ദുക്കള്‍ക്ക് ആശ്വാസമാകും. സിഎഎ മുസ്ലിങ്ങളുള്‍പ്പെടെയുളള പൗരന്മാരെ ബാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.