ലക്‌നൗ: അച്ഛന്റെ മൃതദേഹവും ഉന്തുവണ്ടിയിലേന്തി നിസ്സഹായരായി നില്‍ക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വലിയ സങ്കടക്കാഴ്ചയായി മാറിയിരിക്കുന്ന ദൃശ്യം ഉത്തര്‍പ്രദേശിലെ മഹാരാജ്ഗജ് ജില്ലയില്‍ നിന്നുള്ളതാണ്.
കയ്യില്‍ ഒരു രൂപ പോലുമില്ലാതെ രോഗിയായ അച്ഛന്‍ മരിച്ചപ്പോള്‍ മൃതദേഹം എന്തുചെയ്യണമെന്ന് അറിയാതെ നിസ്സഹായതയോടെ നില്‍ക്കുന്ന കൗമാരം പിന്നിട്ടില്ലാത്ത കുട്ടികളുടെ ദൈന്യത ഹൃദയം ദ്രവിപ്പിക്കുന്നതാണ്. കഷ്ടിച്ച് 15 വയസ്സിനോട് അടുത്തുമാത്രം പ്രായമുള്ള കുട്ടികള്‍ സ്‌വ്രെടച്ചറില്‍ കിടത്തിയിരിക്കുന്ന പിതാവിന്റെ മൃതദേഹത്തിന് അരികില്‍ നില്‍ക്കുന്നതാണ് ദൃശ്യം. കുട്ടികള്‍ രണ്ടു ദിവസമായി മൃതദേഹം മറവു ചെയ്യാന്‍ കഴിയാതെ അലയുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും കൈയൊഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് സഹായം ലഭിച്ചത് രണ്ട് അപരിചിതരില്‍ നിന്നാണ്. ശരീരമെങ്കിലും ദഹിപ്പിക്കാന്‍ ഇവര്‍ക്ക് സഹായം ലഭിച്ചത് മൃതദേഹം അഴുകിത്തുടങ്ങിയതിന് ശേഷവും.
രോഗം ബാധിച്ച് ഏറെക്കാലം ചികിത്സയിലായിരുന്ന പിതാവ് മരിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും ആരും തങ്ങളെ തിരിഞ്ഞുനോക്കാതായപ്പോള്‍ 14 വയസുകാരനായ രജ്വീറും സഹോദരനും അച്ഛന്റെ ഭൗതികദേഹം സംസ്‌കരിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടില്‍ നിന്നിറങ്ങി. മൃതദേഹം ഒരു ഉന്തുവണ്ടിയിലേക്ക് കിടത്തി അത് വെള്ളത്തുണി കൊണ്ട് മൂടി വണ്ടി വലിച്ചുകൊണ്ട് കുട്ടികള്‍ ഒരു ശ്മശാനത്തിലെത്തിയെങ്കിലും അവിടുത്തെ നടപടിക്രമങ്ങള്‍ സംസ്‌ക്കാരം പ്രതിസന്ധിയിലാക്കി. കുട്ടികളുടെ യാചനയില്‍ മനസ്സലിഞ്ഞ ശ്മശാനം സൂക്ഷിപ്പുകാര്‍ വിറക് കൊണ്ടുവരാന്‍ പറഞ്ഞു. കുട്ടികള്‍ പിന്നെ വിറക് ശേഖരിക്കാനുള്ള ഓട്ടത്തിലായി. ഇതിനിടെ ഒരു മുസ്ലീം പള്ളിയിലും കുട്ടികള്‍ എത്തിയിരുന്നു. എന്നാല്‍ ഇവിടെ ഹിന്ദുക്കളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനാകില്ലെന്ന് പറഞ്ഞ് അവരെ മടക്കിയയച്ചു. ഇതോടെ കുട്ടികള്‍ വെറക് സംഘടിപ്പിക്കാന്‍ ഓട്ടത്തിലായി.
സ്വന്തം ഗ്രാമത്തിലാകെ അലഞ്ഞ കുട്ടികളെ ആരും തിരിഞ്ഞുനോക്കിയില്ല. മൃതദേഹം അഴുകിത്തുടങ്ങിയതിനാല്‍ ദുര്‍ഗ്ഗന്ധത്തിന്റെ കാരണം പറഞ്ഞ് കുട്ടികളെ ആട്ടിപ്പായിക്കുകയും ചെയ്തു. ഒടുവില്‍ ഒരു നാല്‍ക്കവലയുടെ മധ്യഭാഗത്തുനിന്നുകൊണ്ട് കുട്ടികള്‍ പിതാവിന്റെ സംസ്‌ക്കാരത്തിനായി വഴിയേ പോകുന്ന വാഹനങ്ങളും ആള്‍ക്കാരേയും തടഞ്ഞുനിര്‍ത്തി പണം യാചിച്ചു. ഒടുവില്‍ റാഷിദെന്നും വാരിസ് ഖുറേഷിയെന്നും പേരുള്ള രണ്ടുപേര്‍ കുട്ടികള്‍ക്ക് രക്ഷകരായി. കുട്ടികള്‍ക്ക് അവര്‍ ശവസംസ്‌കാരത്തിനുള്ള മുഴുവന്‍ പണവും കൈമാറി. ഇവര്‍ തന്നെയാണ് കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. കുട്ടികളുടെ മാതാവ് ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു.