ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും എയിംസ് വാഗ്ദാനവുമായി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്നും പറഞ്ഞു.
അതേസമയം ഇനിയും സമയമുണ്ട് എന്നാണ് സുരേഷ് ഗോപിയുടെ പുതിയ ടാഗ്ലൈൻ. സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കുമെന്ന് സുരേഷ് ഗോപിയുടെ ഉറപ്പുമെത്തി. എയിംസ് വരാൻ കേരളം എന്ത് ചെയ്‌തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമർശിച്ചു.
ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അതുപോലെ മറ്റേ മോൻ പരാമർശത്തിലും സുരേഷ് ഗോപി വിശദീകരണം നൽകി. മറ്റേ മകൻ എന്നാണ് ഉദ്ദേശിച്ചത്. പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞു എന്നേ ഉള്ളു. ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സംഭാവന നൽകിയ വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തജനങ്ങളെ സംബന്ധിച്ച് കൊടിമരം പുനർനിർമ്മാണം വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തിൽ തെളിഞ്ഞു. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണ്ണം ഭീമയിൽ കൊണ്ട് കൊടുത്താണ് 24 കാരറ്റ് സ്വർണ്ണമാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
















































