എല്‍ ആള്‍ട്ടോ: ലോകഫുട്‌ബോളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ കളിമുറ്റത്ത് ബ്രസീലിനെ ശ്വാസം മുട്ടിച്ച് ബൊളീവിയ ചരിത്രമെഴുതി. ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ആദ്യമായി ബൊളീവിയ ബ്രസീലിനെ വീഴ്ത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. എന്നാല്‍ ലോകകപ്പിനായി അമേരിക്കയില്‍ എത്താന്‍ അവര്‍ക്ക് ഒരു കടമ്പകൂടി പിന്നിടേണ്ടതുണ്ട്.
നാടകീയതയും, പ്രതിരോധവും, ദേശീയ അഭിമാനവും നിറഞ്ഞുനിന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റിയാണ് മിഗ്വെല്‍ ടെര്‍സെറോസ് ബൊളീവിയക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. ബ്രസീലിന്റെ ബ്രൂണോ ഗ്വിമാറസ് റോബര്‍ട്ടോ ഫെര്‍ണാണ്ടസിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍ട്ടി ലഭിച്ചത്. ഈ വിജയത്തോടെ 2026-ലെ ഫിഫ ലോകകപ്പിന്റെ ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് റൗണ്ടിലേക്ക് അവര്‍ യോഗ്യത നേടി. സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലുള്ള എസ്റ്റാഡിയോ മുനിസിപ്പല്‍ ഡി എല്‍ ആള്‍ട്ടോ സ്റ്റേഡിയത്തില്‍ ബ്രസീല്‍ താരങ്ങള്‍ ശ്വാസം മുട്ടിയപ്പോള്‍ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട ബൊളീവിയ രാജ്യത്തുടനീളം വലിയ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തി.
മറുവശത്ത് ഇക്വഡോര്‍ ലോകചാംപ്യന്മാരായ അര്‍ജന്റീനയെയും ഒരുഗോളിന് വീഴ്ത്തി. രണ്ടുകളികളും സംഭവബഹുലമായിരുന്നു. നേരത്തേ തന്നെ അര്‍ജന്റീനയും ബ്രസീലും യോഗ്യത നേടിയിരുന്നതിനാല്‍ അട്ടിമറിക്കപ്പുറത്ത് ഒരു പ്രാധാന്യവും മത്സരത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും ദുര്‍ബ്ബലരായ ടീമിനോട് നേരിട്ട അപ്രതീക്ഷിത തിരിച്ചടി പോയിന്റ്് പട്ടികയില്‍ ബ്രസീലിനെ അഞ്ചാമന്മാരാക്കി മാറ്റി. അര്‍ജന്റീനയെ തോല്‍പ്പിച്ച ഇക്വഡോര്‍ അവര്‍ക്ക് തൊട്ടുതാഴെ രണ്ടാമന്മാരായി യോഗ്യത ഉറപ്പാക്കുകയും ചെയ്തു. പരാഗ്വേ, കൊളംബിയ, ഉറുഗ്വേ ടീമുകളാണ് ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പായത്. ബ്രസീലിനെ വീഴ്ത്തിയ ബൊളീവിയയ്ക്കും പ്രതീക്ഷയുടെ നേരിയ തിരിനാളം കാണാനായി. ഏഷ്യന്‍ ടീമുകളില്‍ ഒന്നിനോട് പ്‌ളേഓഫ് കളിച്ച് ജയിച്ചാല്‍ അവര്‍ക്കും യോഗ്യത നേടാനാകും.
ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി നേരത്തേ യോഗ്യത ഉറപ്പിച്ച അര്‍ജന്റീനയ്ക്ക് മത്സരം ഒട്ടും നിര്‍ണ്ണായകമായിരുന്നില്ല. അതുകൊണ്ടു തന്നെ നായകന്‍ മെസ്സിക്ക് അവര്‍ വിശ്രമം നല്‍കി. കളിയുടെ ആദ്യപകുതിയില്‍ തന്നെ പ്രതിരോധക്കാരന്‍ ഒട്ടാമെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ടതാണ് തിരിച്ചടിയായത്. പത്തുപേരുമായി അവര്‍ക്ക് മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു. ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ ഒട്ടാമെന്‍ഡിക്ക് കളിക്കാനാകില്ല. മത്സരത്തില്‍ ഇക്വഡോറും പത്തുപേരായി ചുരുങ്ങിയെങ്കിലും സ്‌കോര്‍ ചെയ്യാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല.