തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തലസ്ഥാന സന്ദർശനം കഴിഞ്ഞ് മടങ്ങി. തുമ്പയിലെ വി.എസ്.എസ്.സി. കേന്ദ്രത്തിൽ രണ്ടുദിവസം തങ്ങിയ ശേഷമാണ് അദ്ദേഹം തിരികെപോയത്. കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. അടുത്തിടെ പി.എസ്.എൽ.വി.യുടെ രണ്ട് പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. ഇവ രണ്ടും സുപ്രധാനമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണമായിരുന്നു.പി.എസ്.എൽ.വി. റോക്കറ്റ് പരാജയം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനാണ് ഇത്തരമൊരു ദ്വിദിന സന്ദർശനം അദ്ദേഹം നടത്തിയതെന്നാണ് സൂചന.
രാജ്യത്തിൻ്റെ ശ്രദ്ധേയമായ ബഹിരാകാശ പദ്ധതിയായ പി.എസ്.എൽ.വി. പരാജയപ്പെട്ടത് സംബന്ധിച്ച് വി.എസ്.എസ്.സി. അടുത്തയിടെ ഒരു റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയിരുന്നു. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. അതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങൾക്ക് അജിത് ഡോവലിനെ ചുമതലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അജിത് ഡോവൽ ഒരു വിദഗ്ധനുമായാണ് വി.എസ്.എസ്.എസ്.സിയിലെത്തി പി.എസ്.എൽ.വി.യുടെ പരാജയം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത് എന്ന വിവരവും പുറത്തുവരുന്നുണ്ട്.





















































