കണ്ണൂർ: ലൈംഗിക പീഡനപരാതിയിൽ നടനും ഭരണകക്ഷി എംഎൽഎയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുകേഷിനെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചതല്ലേയുള്ളു, കോടതി തീരുമാനം വരുന്നത് വരെ അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരുമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോൾ ആലോചിക്കാം, അതാണ് പാർട്ടിയുടെ നിലപാട്- എന്നാണ് അദ്ദേഹം പറഞ്ഞത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടനും എംഎൽഎയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
തനിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എംഎൽഎയ്ക്കെതിരായി നൽകിയ പരാതി. മുകേഷിനെതിരായി ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയിൽ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
ജോലിയില്ല…!! സൗന്ദര്യം കുറവാണ്, സ്ത്രീധനം കുറഞ്ഞുപോയി…!!! ഭർത്താവിൻ്റെ നിരന്തര പീഡനം…,
ആദ്യം എറണാകുളം മരട് പോലീസാണ് മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരിൽ വെച്ച് സമാന സംഭവം ആവർത്തിച്ചുവെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു.