കെഎസ്ആര്‍ടിസി ബസ്സിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. വാഹനം പരിശോധിക്കാതെ വിട്ടയാൾക്കെതിരേയും നടപടിയുണ്ടാകും. അതിന് ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. താൻ മന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ടൺ കണക്കിന് മാലിന്യമാണ് കെഎസ്ആർടിസിയിൽ നിന്ന് മാറ്റിയത്. ഇനിയും ഒരുപാട് പണി ബാക്കിയുണ്ട്. ബസ്സിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാൽ, അത് പിടിക്കുകയും ചെയ്യും നടപടിയുമുണ്ടാകും. അതിന് ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട. ഞാൻ മന്ത്രിയായിരിക്കുന്നെങ്കിൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകും.
എല്ലാ സൂപ്പർഫാസ്റ്റ് ബസുകളിലും മാലിന്യം ഇടാനുള്ള ബോക്സ് വെച്ചിട്ടുണ്ട്. പുതിയ ബസുകളെല്ലാം അത് വെച്ചാണ് വരുന്നത്. 2000-3000 ടിന്നുകൾ വാങ്ങിവെച്ചു. ബസ് സ്റ്റേഷനിൽ വയ്ക്കാനും ടിന്നുകൾ വാങ്ങിവെച്ചു. എന്നിട്ടും, വാഹനത്തിന്റെ ഡാഷിന്റെ മുൻപിൽ മാലിന്യം ഇടുന്ന ഡ്രൈവർക്കെതിരേ നടപടിയുണ്ടാകും. ഡ്രൈവറെ മാത്രമല്ല ആ വണ്ടി പരിശോധിക്കാതെ വിട്ടയാളുടെ പേരിലും നടപടിയുണ്ടാകും. അത് കെഎസ്ആർടിസി ജീവനക്കാരൻ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. തെറ്റ് കണ്ടാൽ തെറ്റ് തന്നെയാണെന്ന് പറയും.
കെഎസ്ആർടി ജീവക്കാർക്ക് ഒന്നാം തീയതി ശമ്പളം കൊടുത്തപ്പോൾ ഇവരെയൊന്നും കണ്ടില്ലല്ലോ. ഓണത്തിന് അലവൻസ് നൽകി അവരെ സന്തോഷിപ്പിച്ചപ്പോഴും ഇവരെയൊരെയും കണ്ടില്ലല്ലോ. കെഎസ്ആർടിസിക്ക് സാമൂഹികമാധ്യമങ്ങളിൽ ഭയങ്കര റേറ്റിങ് ആണ്. കെഎസ്ആർടിസി പോകുന്ന ഒരു റീൽസ് എടുത്തിട്ടാൽ 25 ലക്ഷം ആളുകളാണ് കാണുന്നത്. അപ്പോൾ, കെഎസ്ആർടിസിയുടെ തോളിലോട്ട് കയറിയാൽ താൻ പ്രശസ്തനാകും എന്ന് വിചാരിക്കുന്നവരുണ്ട്’, മന്ത്രി പറഞ്ഞു.