കോഴിക്കോട്: തന്റെ തൂലികത്തുമ്പ്കൊണ്ട് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കഥയുടെ മായിക പ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും നൊമ്പരങ്ങളും പടർത്തിയ പ്രതിഭയ്ക്ക് ഇനി മഹാമൗനം. തന്റെ എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എംടി വാസുദേവൻ നായരുടെ ഭൗതികശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിൽവച്ചായിരുന്നു അന്ത്യകർമ്മങ്ങളും സംസ്‌കാരവും. എംടിയോടുള്ള ആദര സൂചകമായി രണ്ടുദിവസത്തെ ദു:ഖാചരണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു എംടിയുടെ നിര്യാണം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു
അവിടെ നിന്നും സിതാരയിലെത്തിച്ച മലയാളത്തിലെ വിഖ്യാത എഴുത്തുകാരനെ കാണാൻ ആയിരങ്ങളാണെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എംടി അവസാനമായി ‘സിതാര’യുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക് നീങ്ങി. ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരേയും ‘സിതാര’യിലേക്ക് ജനം ഒഴുകിയെത്തി. മലയാളത്തിന്റെ പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നു. പത്രാധിപർ, ചലച്ചിത്രകാരൻ, നാടകകൃത്ത്, സാഹിത്യസംഘാടകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം സുവർണമുദ്ര പതിപ്പിച്ച ആ യുഗം ഇനി മഹാനിദ്രയിലേക്ക്…
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകൻ. പിന്നീട് പത്രാധിപർ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത മേഖലകളിൽ തന്റെ തൂലിക ചലിപ്പിച്ചു.
2005-ൽ രാജ്യം എംടിയെ പത്മഭൂഷൺ നൽകി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ൽ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്), വയലാർ അവാർഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നൽകിയ അമൂല്യസംഭാവനകൾ കണക്കിലെടുത്ത് കോഴിക്കോട് സർവകലാശാലയും മഹാത്മ ഗാന്ധി സർവകലാശാലയും ഡി.ലിറ്റ്. നൽകി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിർമ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.