ആലപ്പുഴ: ലാൽ സലാം സഖാവേ… നിങ്ങൾ ജീവിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞതെത്ര പുണ്യം… വിഎസ് എന്ന വിപ്ലവനക്ഷത്രം ഇനി ചെങ്കൊടിയേക്കാൾ ശോഭയോടെ മിന്നിത്തിളങ്ങും. ഒരു ജനതയെ നെഞ്ചോടു ചേർത്ത പുന്നപ്രയുടെ പുത്രൻ ഇനിയോർമ… തോരാ മഴയിലും അണികളുടെ തൊണ്ടപൊട്ടുമാറ് ഉച്ചത്തിലുള്ള സ്നേഹവായ്പുകൾ ഏറ്റുവാങ്ങി ഒരു അഗ്നി നക്ഷത്രമായി സഖാവ് വിഎസ്. യാത്രമൊഴിയേകി രാഷ്ട്രീയ കേരളം.
പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടിൽ സംസ്കാരചടങ്ങുകൾ പൂർത്തിയാക്കി മകൻ അരുൺ കുമാർ വിഎസിന്റെ ചിതയ്ക്ക് തീ കൊളുത്തിയതോടെ കേരളത്തിന്റെ മണ്ണിൽ ചെങ്കൊടി പാറിച്ച, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കരുപ്പിടിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, ജനനായകൻ അന്ത്യയാത്രാ മൊഴി ചൊല്ലി.
വലിയ ചുടുകാട്ടിൽ പോലീസിന്റെ ഗാർഡ് ഓഫ് ഓണറിനു ശേഷം ബുധനാഴ്ച രാത്രി 9.15 മണിയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. പ്രിയനേതാവിനെ അവസാനമായി കാണാൻ ജനസാഗരം ഇരമ്പിയെത്തിയതോടെ മുൻകൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദർശനം പൂർത്തിയാക്കാനായത്.
ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം പൂർത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടിൽ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംസ്കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നത്.