ന്യൂഡല്‍ഹി: രാജ്യത്തെ കുടുംബങ്ങളില്‍ ‘നാം രണ്ട് നമുക്ക് മൂന്ന്’ എന്നൊരു നയം വേണമെന്ന് ആര്‍എസ്എസ്. ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന നിലയിലുള്ള പ്രത്യുൽപാദന നിരക്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മൂന്നിൽ താഴെ പ്രത്യുൽപാദന നിരക്കുള്ള സമൂഹങ്ങൾ സാവധാനം ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പറയുന്നുണ്ടെന്ന് പറഞ്ഞു. അതിനാൽ മൂന്നിൽ കൂടുതൽ ജനനനിരക്ക് നിലനിർത്തേണ്ടതുണ്ടെന്നും എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയ്ക്ക് 100 വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്‌നം എണ്ണത്തേക്കാള്‍ അവരുടെ ഉദ്ദേശ്യമാണെന്നും അതില്‍ നിന്ന് ഉണ്ടാകുന്ന ഒരു പ്രശ്‌നം മതം മാറ്റമാണെന്നും പറഞ്ഞു. ‘ഇന്ത്യയില്‍ ഇസ്ലാം ഉണ്ടാകില്ലെന്ന് ഒരു ഹിന്ദുവും കരുതുന്നില്ല. പക്ഷേ, നമ്മള്‍ ഒന്നാണെന്ന് നമ്മള്‍ വിശ്വസിക്കണം. ഇത് നമ്മുടെ രാജ്യമാണെന്ന് വിശ്വസിക്കണമെന്നും പറഞ്ഞു. മതമല്ല വിഷയമെന്നും ആരാണ് രാജ്യസ്‌നേഹി, ആരാണ് അല്ലാത്തത് എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതം ഒരു തിരഞ്ഞെടുപ്പാണ്. അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
ഇന്ത്യയിലെ വിദ്യാഭ്യാസനയം പരിഷ്‌ക്കരിക്കപ്പെടണമെന്നും വിദ്യാര്‍ത്ഥികള്‍ അവരുടെ ഭൂതകാലത്തെക്കുറിച്ച് പഠിക്കണമെന്നും വിദ്യാഭ്യാസം എന്നത് വിവരങ്ങള്‍ മനഃപാഠമാക്കുക എന്നതല്ല വ്യക്തിയെ സംസ്‌കാരസമ്പന്നനാക്കുക എന്നതാണെന്നും പറഞ്ഞു. ഭാരതത്തെ മനസ്സിലാക്കാന്‍ സംസ്‌കൃതം പഠിക്കേണ്ടത് അത്യാവശ്യമാണ്. മുന്‍നിര വിദ്യാഭ്യാസം ഗുരുകുല വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കണം. സാങ്കേതികവിദ്യയും ആധുനികതയും വിദ്യാഭ്യാസത്തിന് എതിരല്ല. വിദ്യാഭ്യാസം വെറും വിവരങ്ങള്‍ മാത്രമല്ലെന്നും പറഞ്ഞു.
ആര്‍എസ്എസിനെ ക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാടില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ ആര്‍എസ്എസ് ഇടപെടല്‍ ഇല്ലെന്നും പറഞ്ഞു.ആര്‍എസ്എസ് ആണ് ബിജെപിക്ക് വേണ്ടി തീരുമാനങ്ങളെടുക്കുന്നത് എന്ന ധാരണയും ശരിയല്ല. കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും ഞങ്ങള്‍ക്ക് നല്ല ഏകോപനമുണ്ട്. ഒരു തരത്തിലുള്ള തര്‍ക്കവുമില്ലെന്നും പറഞ്ഞു. സമരങ്ങള്‍ ഉണ്ടാകാം, പക്ഷേ തര്‍ക്കങ്ങളില്ല. ഒത്തുതീര്‍പ്പ് സംസാരിക്കുമ്പോള്‍, സമരം കൂടുതല്‍ കടുപ്പമുള്ളതാകുന്നു… അഭിപ്രായങ്ങള്‍ ഉണ്ടാകാം, പക്ഷേ ഞങ്ങള്‍ ചര്‍ച്ച ചെയ്യും, ഒരു കൂട്ടായ തീരുമാനമെടുക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.