ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പിഎംശ്രീ ഒപ്പു വെയ്ക്കരുതായിരുന്നു ; ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നെന്ന് എംഎ ബേബി
തിരുവനന്തപുരം: ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് അതില്‍ വ്യക്തത വരുത്തണമായിരുന്നു എന്നും ഈയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതി ഇപ്പോള്‍ രൂപീകരിച്ചതെന്നും പറഞ്ഞു.
പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ച തീരുമാനം മരവിപ്പിച്ച് കഴിഞ്ഞ ദിവസം സിപിഐഎം തീരുമാനം എടുത്തിരുന്നു. ഇക്കാര്യം ഉണ്ടായത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇനി ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് വിലയിരുത്തുന്നതിനാണ് നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടതെന്നും എംഎ ബേബി പറഞ്ഞു.
അതേസമയം ഇപ്പോഴും ഒപ്പിട്ടതിനെ ന്യായീകരിക്കുകയാണ് മന്ത്രി ശിവന്‍കുട്ടി. സി പി ഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. സ്വന്തം മുന്നണിയില്‍ നിന്നുള്ള ശക്തമായ ആക്രമണം മന്ത്രി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. സി പി ഐയുടെ ഓരോ വാക്കുകളും തനിക്ക് കടുത്ത വേദനയുണ്ടാക്കിയെന്ന് പറഞ്ഞു.
പി എം ശ്രീയില്‍ ഒപ്പിടുന്നത് വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചമാത്രം ലക്ഷ്യമിട്ടാണെന്നുള്ള മന്ത്രിയുടെ നിലപാടിനെതിരെ സിപി ഐ നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചു. പി എം ശ്രീ പദ്ധതിയില്‍ പണം വാങ്ങുന്നതില്‍ മാത്രമാണ് ധാരണയെന്നും, കേന്ദ്ര വിദ്യാഭ്യാസ നയം ഒരു കാരണവശാലും നടപ്പാക്കില്ലെന്നുമാണ് ശിവന്‍കുട്ടി വ്യക്തമാക്കിയത്. എന്നിട്ടും ആ സത്യം തിരിച്ചറിയാന്‍ സി പി ഐ നേതൃത്വം തയ്യാറായില്ലെന്നതാണ് സിപിഐഎമ്മിനെ ആകെ വേദനിപ്പിച്ചത്.
മന്ത്രിസഭാ ബഹിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള കടുത്ത നിലപാട് പ്രഖ്യാപിച്ച സിപിഐയെ അനുനയിപ്പിക്കാന്‍ ആദ്യം എം എന്‍ സ്മാരകത്തില്‍ എത്തിയതും മന്ത്രി ശിവന്‍കുട്ടിയായിരുന്നു. മന്ത്രി ജി ആര്‍ അനിലിനേയും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും നേരില്‍ കണ്ട് പി എം ശ്രീയുടെ ഗുണവശങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയേണ്ടതായും വന്നു. 1400 കോടി രൂപ കിട്ടുന്നതിന് വേണ്ടിയാണ ഒപ്പുവെച്ചതെന്നായിരുന്നു ന്യായീകരണം.

















































