വണ്ടൂര്‍: കൈക്കൂലിക്കേസില്‍ വില്ലേജ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തു. സ്ഥലത്തിന്‍റെ രേഖയിലെ തെറ്റ് തിരുത്തുന്നതിന് ഏഴരലക്ഷം രൂപയാണ് കൈക്കൂലിയായി വില്ലേജ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പന്തപ്പാടൻ നിഹ്മത്തുള്ള (50) ആണ് അറസ്റ്റിലായത്. ആദ്യഗഡുവായി ആവശ്യപ്പെട്ട 50,000 രൂപ കൈമാറുന്നതിനിടെയാണ് പിടിയിലായത്.
വിജിലൻസ് ഡി.വൈ.എസ്പി. എം. ഗംഗാധരൻ, ഇൻസ്പെക്ടർമാരായ റിയാസ് ചാക്കീരി, ജ്യോതീന്ദ്രകുമാർ, എസ്.ഐ. മോഹനകൃഷ്ണൻ, മധുസൂദനൻ, പി.ഒ. രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.