അതെല്ലാം വിട് ! നിങ്ങള്‍ എന്ത് ചെയ്തു? ആദ്യം അത് പറ! വിമര്‍ശകര്‍ക്ക് ടോവിനോ തോമസ്

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ മലയാള സിനിമാ ലോകം ഒറ്റക്കെട്ടായി കൈകോര്‍ക്കുമ്പോഴും ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അമ്മയിലെ പ്രശ്നങ്ങള്‍ മൂടിമറച്ച് നല്ല പേര് കേള്‍പ്പിക്കാനാണ് താരങ്ങള്‍ രംഗത്തെത്തുന്നത് എന്നായിരുന്നു വിമര്‍ശനം. ഇത്തരം വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ടൊവിനോ പോസ്റ്റ് ചെയ്തപ്പോഴാണ് ഒരാള്‍ പരിഹാസവുമായി എത്തിയത്.

തമിഴ് സിനിമാതാരങ്ങള്‍ ഉദാരമായി സംഭാവന ചെയ്തപ്പോള്‍ മലയാളത്തിലെ സിനിമാതാരങ്ങള്‍ എന്തു നല്‍കി എന്നായിരുന്നു ചോദ്യം. വിമര്‍ശിക്കുന്നവര്‍ എന്താണ് ചെയ്തതെന്ന മറുചോദ്യവുമായി ടൊവിനോ രംഗത്തെത്തുകയും ചെയ്തു. അതിനു ശേഷം ടൊവിനോ ഇങ്ങനെക്കുറിച്ചു.

‘നിങ്ങളെപ്പോലെ ആളുകള്‍ ഉളളതു കൊണ്ടാണ് മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായി കൊട്ടി ആഘോഷിക്കേണ്ടി വരുന്നത്. ഇതെല്ലാം മനുഷ്യരെല്ലാം ചെയ്യുന്ന കാര്യമാണ്. സിനിമയില്‍ വരുന്നതിനും മുന്‍പും ശേഷവും എന്നെ കൊണ്ട് പറ്റുന്നതു പോലെ ഞാന്‍ ചെയ്യാറുണ്ട്. ഇനിയും ചെയ്യും. മറ്റുളളവരെ കുറ്റം പറയുന്നത് നിര്‍ത്തി സ്വയം എന്തൊക്കെ ചെയ്യാന്‍ പറ്റും സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലം ആയിരുന്നേനെ.’

മഴക്കെടുതിയില്‍ തമിഴ് സിനിമാതാരങ്ങളാണ് ആദ്യം കേരളത്തിന് സഹായം പ്രഖ്യാപിച്ച് മുന്നോട്ടു വന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മ പത്തുലക്ഷം പ്രഖ്യാപിച്ചുവെങ്കിലും സൂപ്പര്‍താരങ്ങളടങ്ങിയ സംഘടന പത്തുലക്ഷം മാത്രം പ്രഖ്യാപിച്ചത് കുറഞ്ഞുപോയെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. പിന്നാലെ മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലും ഒക്കെ 25 ലക്ഷം പ്രഖ്യാപിച്ച് മുന്നോട്ടു വരികയും ചെയ്തു.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ടൊവിനോ തോമസും ടൊവിനോ നായകനായ മറഡോണയുടെ അണിയറ പ്രവര്‍ത്തകരും നേരത്തെ രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണയുടെ ഒരു ദിവസത്തെ കലക്ഷന്‍ നല്‍കാനും തീരുമാനിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular