കൊച്ചി: പങ്കാളിയെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ യുവമോർച്ച നേതാവ് ഗോപു പരമശിവനെതിരെ കൂടുതൽ പരാതികൾ. തന്നെ കബളിപ്പിച്ച് പണം തട്ടിയതായി ബിജെപി കാൾ സെന്റർ മുൻ ജീവനക്കാരി ആരോപിച്ചു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതി നൽകിയതോടെ കാൾ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു.
ഇതിനിടെ ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തിൽ നിന്നും ബിജെപി പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. അതേസമയം പങ്കാളിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ നിലവിൽ ഗോപു പരമശിവൻ പോലീസ് കസ്റ്റഡിയിലാണ്. മൊബൈൽ ചാർജർ ഉപയോഗിച്ചായിരുന്നു ഗോപു പരമശിവൻ പങ്കാളിയെ ക്രൂരമായി മർദ്ദിച്ചത്. ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളുമായി യുവതി മരട് സ്റ്റേഷനിൽ എത്തുകയായിരുന്നു. അഞ്ച് വർഷമായി യുവതിയും ഗോപു പരമശിവനും ലിവിങ് റിലേഷനിലായിരുന്നു. ഇക്കാലയളവിലെല്ലാം ഇയാൾ യുവതിയെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് വിവരം.
പീഡനം സഹിക്കാനാകാതെ പെൺകുട്ടി കഴിഞ്ഞ ദിവസം വീട് വിട്ടിറങ്ങി. തുടർന്ന് ഗോപു പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ പോലീസ് പെൺകുട്ടിയെ ബന്ധപ്പെടുകയും ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. സ്റ്റേഷനിലെത്തിയ യുവതി ഇവിടെവച്ച് ശരീരത്തിലേറ്റ പരിക്കുകൾ വെളിപ്പെടുത്തുകയായിരുന്നു.

















































