ഫുജൈറ: സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും ജീവനക്കാരുടെ ശമ്പളം മുടക്കില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി വ്യക്തമാക്കി. ആവശ്യമായാൽ വായ്പയെടുത്തിട്ടായാലും ശമ്പളം നൽകും, കുറയ്ക്കുന്നതും പരിഗണനയിലില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ അനിശ്ചിത സാഹചര്യങ്ങൾക്കിടയിലും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് സ്ഥാപനത്തിന്റെ ബാധ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ കാലത്തും വായ്പയെടുത്ത് ശമ്പളം നൽകിയ അനുഭവം ഓർമ്മിപ്പിച്ച അദ്ദേഹം, ഏതു പ്രതിസന്ധിയിലും പിന്നോട്ട് പോകില്ലയെന്നും പതറാതെ നിൽക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയുമെന്നും അദ്ദേഹം ഫുജൈറയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫിലേക്കുള്ള ഭക്ഷ്യവിതരണം തടസ്സപ്പെടാതിരിക്കാനായി ലുലുവിന് കീഴിൽ പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംവിധാനത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നതായും, ഭക്ഷ്യവിതരണ ശൃംഖല സുഗമമായി തുടരുന്നതായും കൂട്ടിച്ചേർത്തു.
ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ യു.എ.ഇ സാമ്പത്തിക-ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഷാർജയിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം പരിശോധന നടത്തി വിതരണ സംവിധാനവും സ്റ്റോക്കും വിലയിരുത്തുന്നുണ്ടെന്നും, നിലവിലെ ഒരുക്കങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
















































