കൊല്‍ക്കത്ത: ഭര്‍ത്താവിന്‍റെ വൃക്ക വിറ്റുകിട്ടിയ തുക കൈക്കലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൌറ ജില്ലയിലെ സംക്രാലി സ്വദേശിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. പെയിന്‍റിങ് തൊഴിലാളിയായ കാമുകനൊപ്പം ജീവിക്കാന്‍ 10 ലക്ഷം രൂപയുമായി യുവതി ഒളിച്ചോടുകയായിരുന്നു. യുവതിയുടെ നിര്‍ബന്ധത്താലാണ് ഭര്‍ത്താവ് തന്‍റെ വൃക്ക വില്‍ക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചത്. മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പണം കണ്ടെത്തണമെന്ന് ഭാര്യ ആവശ്യപ്പെട്ടത് പ്രകാരമാണ് ഭര്‍ത്താവ് വൃക്ക വിറ്റത്. എന്നാല്‍, ആ തുകയുമായി യുവതി കടന്നുകളയുകയായിരുന്നു.
പത്ത് വയസുകാരിയായ മകളെയും ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത്. ഒരു വർഷത്തിലേറെയായി വൃക്ക വില്‍ക്കാന്‍ ദമ്പതികള്‍ അന്വേഷണത്തിലായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപാണ് യുവാവ് വൃക്ക വിറ്റത്. വൃക്ക വിറ്റു കിട്ടിയ തുക മുഴുവന്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് യുവാവ് നിക്ഷേപിച്ചു. എന്നാല്‍, ഭാര്യ ഏറെക്കാലമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്ന കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
പണം നഷ്ടമായതിന് പിന്നാലെ ഭർത്താവ് പോലീസിൽ പരാതിപ്പെട്ടതോടെയാണ് ചതി പുറത്തറിയുന്നത്. തുടര്‍ന്ന്, ഭാര്യയും കാമുകനും താമസിക്കുന്ന സ്ഥലത്ത് ഭര്‍ത്താവ് എത്തിയെങ്കിലും വാതിൽ തുറക്കാൻ പോലും യുവതി തയ്യാറായില്ല. പിന്നാലെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി.