മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയാണ് അഞ്ചാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ശേഷം മരിച്ചത്. പ്രസവത്തില്‍ അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂലെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കാനുള്ള നീക്കം പോലീസെത്തി തടഞ്ഞു. പിന്നീട് പോലീസ് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റ്. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടക വീട്ടിലാണ് സിറാജുദ്ദീനും കുടുംബവും താമസിച്ചിരുന്നത്.
അതേസമയം സംഭവത്തില്‍ യുവതിയുടെ വീട്ടുകാരുടെ വിശദമായ മൊഴി എടുക്കുമെന്ന് പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അസ്മയ്ക്കു പ്രസവവേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് അസ്മയുടെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
മുന്‍പ് യുവതിയുടെ 3 പ്രസവം ആശുപത്രിയില്‍ നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്. അസ്മയ്ക്കും സിറാജുദ്ദീനും അഞ്ച് കുട്ടികള്‍ ഉള്ള കാര്യം തങ്ങള്‍ക്കു അറിയില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. അഞ്ചാമത് കുഞ്ഞ് ജനിച്ചതായി സിറാജുദ്ദീന്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.