അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന പരാതിയുമായി യുവതിയുടെ കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കാതെ വാർഡിലേക്ക് മാറ്റിയെന്നാണു ഭർത്താവ് താജുദ്ദീന്റെ പരാതി. വൃക്കരോഗിയായ ആലപ്പുഴ പുന്നപ്ര പടിഞ്ഞാറെ പൊഴിക്കൽ തസ്നി താജുദീൻ (40) ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.
യുവതിയെ ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഡയാലിസിസിന് വിധേയയാക്കുകയായിരുന്നു. ഡയാലിസിസ് നടത്തുന്നതിനിടെ യുവതിക്ക് ഛർദിയുണ്ടായി. പിന്നാലെ തലച്ചോറിൽ രക്തസ്രാവവുമുണ്ടായി.
സ്കാനിങ്ങിൽ ഇത് കണ്ടെത്തിയെങ്കിലും ഐസിയുവിലേക്ക് യുവതിയെ മാറ്റിയില്ലെന്നാണ് പരാതി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകുമെന്ന് യുവതിയുടെ ഭർത്താവ് അറിയിച്ചു.