കല്പറ്റ/ ഇടുക്കി: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ഒരുജീവൻ കൂടി പൊലിഞ്ഞു. ഇതോടെ ഒരേ ദിവസം രണ്ടിടത്ത് രണ്ടുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. വയനാട് നൂൽപ്പുഴയിലാണ് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45)വിനെയാണ് കാട്ടാന കൊലപ്പെടപെടുത്തിയത്.
തിങ്കളാഴ്ച വൈകിട്ട് കടയിൽപോയി സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. മനുവിനൊപ്പം ഭാര്യയും കൂടെയുണ്ടായിരുന്നതായാണ് സൂചന. എന്നാൽ, ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മനുവിന്റെ മൃതദേഹത്തിനരികിൽ നിന്ന് ഭാര്യ ഉപയോഗിച്ചതെന്നു കരുതുന്ന ഷാൾ കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ വനത്തിനോട് ചേർന്ന വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോകും.
അതേ സമയം തിങ്കളാഴ്ച വൈകീട്ടാണ് സമീപത്ത് കുളിക്കാൻ പോകുന്നതിനിടെ പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ(45)യെ കാട്ടാന ആക്രമിച്ചത്. ചെന്നാപ്പാറ മുകൾ ഭാഗത്തുനിന്നു കൊമ്പൻപാറയിലേക്കുള്ള വഴിയെ നടന്നുപോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വനത്തോട് ചേർന്നുകിടക്കുന്ന മേഖലയാണിത്.
ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്നു മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്പൻപാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയിൽ സോഫിയയെ കണ്ടെത്തിയത്. സോഫിയയുടെ കുടുംബത്തിനു 10 ലക്ഷം രൂപ ധനസഹായം നൽകും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കാട്ടാനയുടെ ഭീഷണിയിൽ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു. ഉറപ്പുകൾ ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ മൃതദേഹവുമായി പ്രതിഷേധം നടത്തുകയായിരുന്ന നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റി. ഇതോടെ കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെയെണ്ണം എട്ടായി.