കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിലെ ഇടതൂർന്ന വനമേഖലയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ ഭീകരരെ വധിക്കാൻ സഹായിച്ചത് ടൈസൺ എന്ന സൈനിക നായയുടെ അസാമാന്യ ധീരത. ഏറ്റുമുട്ടലിൻറെ തുടക്കത്തിൽ തന്നെ ഭീകരരുടെ വെടിയേറ്റിട്ടും പിൻമാറാതെ കൃത്യമായ സ്ഥാനം സൈന്യത്തിന് കാട്ടിക്കൊടുത്ത ടൈസൺ ആശുപത്രിയിൽ ചികിത്സയിലാണ്.
2 പാരാ സ്പെഷ്യൽ ഫോഴ്സിലെ അംഗമായ ടൈസൺ, ഭീകരർ ഒളിച്ചിരുന്ന മൺവീടിന് നേരെ സൈന്യത്തെ നയിക്കുകയായിരുന്നു. തിരച്ചിലിനിടെ സൈന്യത്തിൽ നിന്ന് രക്ഷനേടാൻ ഭീകരർ നായയ്ക്കു നേരെ വെടിയുതിർത്തു. ആദ്യത്തെ വെടിയുണ്ട ടൈസൻറെ കാലിലാണ് കൊണ്ടത്. ഗുരുതരമായി പരുക്കേറ്റിട്ടും ടൈസൺ കുരച്ചുകൊണ്ട് ഭീകരർക്ക് നേരെ കുതിക്കുകയും അവരുടെ കൃത്യമായ സ്ഥാനം സൈനികർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഇതോടെ സൈന്യത്തിന് ഭീകരരെ വളയാനും മൂന്ന് പേരെയും വധിക്കാനും സാധിച്ചു. ഏറ്റുമുട്ടലിന് ശേഷം ടൈസണെ ഹെലികോപ്റ്റർ മാർഗം ഉധംപൂരിലെ സൈനിക വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് ശേഷം ടൈസൻറെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നിരീക്ഷണത്തിലാണ് നായ ഇപ്പോഴും.
ആരാണ് സൈന്യത്തിൽ ടൈസൺ
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചത്രൂ പ്രദേശത്ത് നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ വെടിയേറ്റിട്ടും മുന്നേറ്റം തുടർന്നു സുരക്ഷാസേനയ്ക്ക് നിർണായക സഹായം നൽകിയ സൈനിക നായ ടൈസൺ ഇന്ത്യൻ സൈന്യത്തിന്റെ 2 പാര (സ്പെഷ്യൽ ഫോഴ്സ്) യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്ന പരിശീലനം ലഭിച്ച ജർമ്മൻ ഷെപ്പേർഡ് ആണ്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന ആരംഭിച്ച ‘ഓപ്പറേഷൻ ട്രാഷി–I’ന്റെ ഭാഗമായി കാടുകൾ നിറഞ്ഞ മലനിരകളിൽ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താനായിരുന്നു തിരച്ചിൽ. ഈ വേളയിലാണ് ടൈസൺ ഭീകരർ ഒളിപ്പിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്.
ഇതിനിടെ നായ മണത്ത് സ്ഥാനം സ്ഥിരീകരിക്കുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയും ടൈസണിന്റെ കാലിൽ വെടിയേൽക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റിട്ടും പിന്നോട്ടില്ലാതെ മുന്നോട്ട് നീങ്ങിയ ടൈസൺ ഭീകരരുടെ കൃത്യമായ സ്ഥാനം സൈന്യത്തിന് തിരിച്ചറിയാൻ സഹായിച്ചു.
ഈ നിർണ്ണായക ഇടപെടലിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് എന്നീ സംയുക്ത സേനകൾ ചേർന്ന് ജെയ്ഷ്-ഇ-മുഹമ്മദ് ബന്ധമുള്ള മൂന്ന് ഭീകരരെ വധിച്ചു. വധിക്കപ്പെട്ടവരിൽ രണ്ടുവർഷത്തോളമായി പ്രദേശത്ത് സജീവമായിരുന്ന സൈഫുള്ള എന്ന ഭീകരനും ഉൾപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് നിന്ന് രണ്ട് AK-47 തോക്കുകളും വെടിക്കോപ്പുകളും ഉൾപ്പെടെ ആയുധങ്ങൾ കണ്ടെടുത്തു.
അതേസമയം മലയോര മേഖലകളിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച സൈനിക നായ്ക്കൾ നിർണായക പങ്ക് വഹിക്കുന്നതായും മനുഷ്യ സൈനികരെപ്പോലെ തന്നെ അപകട സാധ്യതകൾ നേരിടുന്ന ഇവരെ സമാന ബഹുമാനത്തോടെ പരിചരിക്കുന്നതായും സൈന്യം വ്യക്തമാക്കി.
2024ൽ സമാനമായ ഏറ്റുമുട്ടലിനിടെ സൈനികരെ സംരക്ഷിക്കവേ വീരമൃത്യു വരിച്ച ‘ഫാന്റം’ എന്ന മറ്റൊരു സൈനിക നായയേയും അധികൃതർ അനുസ്മരിച്ചു. ‘ഓപ്പറേഷൻ ട്രാഷി–I’ ഈ വർഷം ജനുവരിയിൽ ആരംഭിച്ചതാണ്. ചത്രൂ, സോന്നാർ, ഡോൾഗാം, ദിച്ഛാർ എന്നീ വനമേഖലകളിൽ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങളെ തകർക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
















































