ദോഹ: ഒളിംപിക്സ് ചാംപ്യനായ അർഷാദ് നദീമും നീരജ് ചോപ്രയും തമ്മിലുള്ള സൗഹൃദം ഏറെ ലോക ശ്രദ്ധയാകർഷിക്കപ്പെട്ട ഒന്നായിരുന്നു. മാത്രമല്ല അർഷാദ് നദീമിനെ ഇന്ത്യയിലേക്കു മത്സരത്തിനു ക്ഷണിച്ചതിന്റെ പേരിൽ നീരജിനും കുടുംബത്തിനും നേരേ മുൻപ് സൈബർ ആക്രമണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സൗഹൃദത്തിനു വിള്ളൽ വീണുപോയെന്നു നീരജ് ചോപ്ര പറയുന്നു.
നീരജ് ചോപ്രയും ലോകത്തെ മുൻനിര താരങ്ങളും ആദ്യമായി ഇന്ത്യൻ മണ്ണിൽ ഏറ്റുമുട്ടുന്ന ‘നീരജ് ചോപ്ര ക്ലാസിക്’ മീറ്റിൽ പങ്കെടുക്കാനാണ് ഒളിംപിക്സ് ചാംപ്യനായ അർഷാദ് നദീമിനെ നീരജ് ചോപ്ര മുൻപ് നേരിട്ടു ക്ഷണിച്ചത്. രാജ്യാന്തര മത്സരത്തിരക്കിന്റെ കാരണം പറഞ്ഞ് അർഷാദ് അത് നിരസിച്ചിരുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഈ ക്ഷണത്തിന്റെ പേരിൽ നീരജിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
പാക്കിസ്ഥാൻ ജാവലിൻത്രോ താരം അർഷാദ് നദീം തന്റെ ഉറ്റ സുഹൃത്ത് അല്ലെന്നും രാജ്യാന്തര വേദിയിൽ ഒരുമിച്ച് മത്സരിക്കുന്ന അത്‍ലീറ്റുകൾ തമ്മിലുള്ള സൗഹൃദം മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വ്യക്തമാക്കുകയായിരുന്നു നീരജ് ചോപ്ര. ഇന്നു ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‍ലറ്റിക് മീറ്റിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലായിരുന്നു നീരജിന്റെ പ്രതികരണം.
ജാവലിൻ ലോകത്ത് എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. ആരെങ്കിലും എന്നോടു മാന്യമായി സംസാരിച്ചാൽ അതേ ശൈലിയിൽ അവരോടും പെരുമാറാൻ ഞാനും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അർഷാദുമായുള്ള സൗഹൃദം മുൻപത്തേതുപോലെ ആയിരിക്കില്ലെന്നും നീരജ് പറഞ്ഞു.