കല്‍പ്പറ്റ: വയനാട്ടില്‍ തുടര്‍ക്കഥയാകുന്ന വന്യജീവിആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താലില്‍നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി. ഹര്‍ത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്‍റെ പ്രതിഷേധമാര്‍ച്ച് ഇന്ന് നടക്കും. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയില്‍ സ്വകാര്യബസ് സര്‍വീസ് നടത്തില്ലെന്ന് ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് തീരുമാനം. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്.
പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽനിന്ന് ഒഴിവാക്കി. രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ദീർഘദൂര ബസുകൾ സർവീസ് ആരംഭിച്ചു. യുഡിഎഫ് ഹർത്താലിനെ വിമർശിച്ച എൽഡിഎഫ് നേതാക്കൾ വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും മുൻ എംപി രാഹുൽ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിമർശിച്ചു.