വയനാട്: അമ്പലവയൽ പോലീസ് സ്റ്റേഷനിൽ നീതി തേടിയെത്തിയ ലൈംഗികാതിക്രമത്തിന് ഇരയായ 23-കാരിയോടും കുടുംബത്തോടും പോലീസ് അതീവ മോശമായി പെരുമാറിയതായി ഗുരുതര ആരോപണം. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തുനിർത്തുകയും പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായാണ് കുടുംബം പരാതിപ്പെടുന്നത്. ശാരീരികമായും മാനസികമായും തളർന്ന പെൺകുട്ടി സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീഴുകയും നിലവിൽ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലുമാണ്.
ഒരു അതിജീവിതയോട് പോലീസ് പുലർത്തേണ്ട പ്രാഥമിക മര്യാദകൾ പോലും ലംഘിക്കപ്പെട്ടുവെന്ന് പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. “ഒരമ്മയുടെ മുന്നിലിരുത്തി ഒരു പെൺകുട്ടിയോട് ചോദിക്കേണ്ട ചോദ്യമല്ല ആ സാറ് എന്റെ മോളോട് ചോദിച്ചത്” എന്ന് വിതുമ്പലോടെയാണ് അവർ പ്രതികരിച്ചത്. ചോദ്യം ചെയ്യുന്നതിനിടയിൽ അമ്മയോട് പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടതായും കുടുംബം പറഞ്ഞു.
സ്റ്റേഷനിലെത്തിയ കുടുംബത്തെ കാത്തിരുത്തി പോലീസ് നടപടികൾ മനഃപൂർവ്വം വൈകിപ്പിച്ചതായും പരാതിയുണ്ട്. തലേദിവസം രാത്രി മുതൽ ഭക്ഷണം പോലും കഴിക്കാതെ പട്ടണിയിലായിരുന്ന പെൺകുട്ടിയെ ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിയിട്ടും മണിക്കൂറുകളോളം വെറുതെ ഇരുത്തി. പരാതി നൽകാൻ വന്ന മറ്റുള്ളവരുടെ മൊഴി എടുത്തു കഴിഞ്ഞേ ഇവരെ വിളിക്കൂ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. വൈകിട്ട് മൊഴിയെടുക്കാൻ തുടങ്ങിയപ്പോൾ പെൺകുട്ടി നിസ്സഹകരിക്കുന്നു എന്നാരോപിച്ച് പോലീസ് വീണ്ടും സമ്മർദ്ദത്തിലാക്കുകയായിരുന്നു.
അതീവ ഭയചകിതയായ അവസ്ഥയിലായിരുന്നു പെൺകുട്ടി സ്റ്റേഷനിലെത്തിയത്. തന്നെ കൊന്നു കുഴിച്ചുമൂടുമെന്നും എവിടെ പോയാലും അവർ തന്നെ വെറുതെ വിടില്ലെന്നും പറഞ്ഞ് പെൺകുട്ടി നിലവിളിക്കുന്നുണ്ടായിരുന്നു. അതിജീവിതയുടെ അവസ്ഥ കണ്ടിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ആശ്വാസകരമായ ഒരു സമീപനവും ഉണ്ടായില്ലെന്നും മറിച്ച് ഒരു പ്രതിയെ എന്നപോലെയാണ് തങ്ങളെ കൈകാര്യം ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.
മൊഴിയെടുക്കുന്ന ഘട്ടത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ സാന്നിധ്യമുണ്ടായിട്ടും ഒരു പുരുഷ ഉദ്യോഗസ്ഥനാണ് കാര്യങ്ങൾ നിയന്ത്രിച്ചതെന്നാണ് വിവരം. മൊഴി രേഖപ്പെടുത്തട്ടെ എന്ന് വനിതാ ഉദ്യോഗസ്ഥ ചോദിച്ചപ്പോൾ ആദ്യം നടന്ന കാര്യങ്ങൾ താൻ കേൾക്കട്ടെ എന്ന വാശിയിലായിരുന്നു പുരുഷ ഉദ്യോഗസ്ഥൻ. ലൈംഗികാതിക്രമത്തിന്റെ വിശദാംശങ്ങൾ അങ്ങേയറ്റം മോശമായ രീതിയിൽ ചോദിച്ചറിഞ്ഞത് പെൺകുട്ടിയെ കൂടുതൽ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടതായും പരാതിയുണ്ട്.
അമ്പലവയലിന് സമീപമുള്ള ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിക്ക് ആ വീട്ടിലെ ഗൃഹനാഥനിൽ നിന്നും മകനിൽ നിന്നുമാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നാണ് ആരോപണം. ആ വീട്ടുകാർ തടഞ്ഞുവെച്ചിരുന്നതിനാൽ വീട്ടിലേക്ക് വിളിക്കാൻ പോലും പെൺകുട്ടിക്ക് സാധിച്ചിരുന്നില്ല. അവിടെ നിന്നും രക്ഷപ്പെട്ട പെൺകുട്ടി ആദ്യം സഹായം തേടിയത് അമ്പലവയൽ സ്റ്റേഷനിലാണ്. തുടർന്ന് കൽപറ്റയിലെ ‘സ്നേഹിത’ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പെൺകുട്ടിയെ അവിടെയുള്ള കൗൺസിലിങിന് ശേഷമാണ് മൊഴി നൽകാനായി വീണ്ടും സ്റ്റേഷനിലെത്തിച്ചത്.
എന്നാൽ കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അമ്പലവയൽ പോലീസ് പൂർണ്ണമായും നിഷേധിച്ചു. സ്വാഭാവികമായ കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും മൊഴി എടുക്കുന്നതിനിടയിൽ പെൺകുട്ടി ശാരീരിക അസ്വാസ്ഥ്യം കാരണം കുഴഞ്ഞുവീഴുകയായിരുന്നു എന്നുമാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.

















































