ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യം നീക്കം തകർന്നതിൽ സുകുമാരൻ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ, നായർ സമുദായം സഹോദര സമുദായമാണെന്നും സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനുമാണെന്നും പറഞ്ഞു. കേവലം നായർ ഈഴവ ഐക്യമില്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. എസ്എൻഡിപിക്ക് മുസ്ലീം വിരോധമില്ല. മുസ്ലീം വിരോധിയാക്കി കത്തിച്ച് കളയാനാണ് ശ്രമം നടക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചേർത്തല എസ്എൻ കോളേജിൽ വെച്ച് നടന്ന എസ് എൻ ട്രസ്റ്റ് ഡയറക്റ്റർ ബോർഡ് വിശേഷാൽ പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുപോലെ വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തനാക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്ത് നിന്ന് ഐക്യത്തിന് വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത സുകുമാരൻ നായർക്കുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. ഈ തീരുമാനത്തിന്റെ പേരിൽ എൻഎസ്എസിനെ തള്ളിപ്പറയില്ല. സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്- വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം മുസ്ലീം ലീഗ് ഈഴവ സമുദായത്തെ ചതിച്ചവരാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. എതിർപ്പ് മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോട് മാത്രമാണ്. മുസ്ലീം വിരോധമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എന്നെ മുസ്ലീം വിരോധിയാക്കി കത്തിച്ചു കളയാനാണ് ശ്രമം നടക്കുന്നത്. എന്നെ കത്തിച്ചാൽ അങ്ങനെ കത്തില്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ഈഴവ സമുദായത്തെ തകർക്കാനാണ് ശ്രമം. കയ്യും കെട്ടി നോക്കി നിൽക്കാൻ ആവില്ല. എസ്എൻഡിപി തുറന്ന പുസ്തകമാണ്. ആർക്കും വിമർശിക്കാം. ചിലർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു. തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് നേരെ വിരൽ ചൂണ്ടും. അതെന്റെ കടമയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

















































