ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള വാക് പോര് രൂക്ഷമായി തുടരുന്നു. ചതിയൻ ചന്തു പരാമർശത്തിൽ തുടങ്ങിയ വിമർശനങ്ങൾ വെള്ളാപ്പള്ളി ഇന്നും ആവർത്തിച്ചു. ബിനോയ് വിശ്വത്തിന്റെ കാറിൽ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ലെന്നാണ് ഇന്നലെ ബിനോയ് വിശ്വം നടത്തിയ പരാമർശത്തിന് വെള്ളാപ്പള്ളിയുടെ ഇന്നത്തെ മറുപടി. എം എൻ ഗോവിന്ദൻ അടക്കമുള്ള ആളുകൾ തന്റെ കാറിൽ കയറിയിട്ടുണ്ട്. തൻറെ കയ്യിൽ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോൾ സിപിഐ നേതാക്കൾ പറഞ്ഞ കാര്യങ്ങൾ തനിക്കു ഓർമ്മയുണ്ടെന്നും അത് ഇവിടെ പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ചതിയൻ ചന്തു പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നുമായിരുന്നു മറുപടി.
ഇതിനു പിന്നാലെ വെള്ളാപ്പള്ളിക്ക് മറുപടിയുമായി ബിനോയ് വിശ്വവം രംഗത്തെത്തി. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്ന് പറഞ്ഞ സി പി ഐ സംസ്ഥാന സെക്രട്ടറി, തെറ്റായ വഴിക്ക് ഒരു രൂപ പോലും സിപിഐക്കാർ വാങ്ങില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണുമെന്നും അതല്ലാതെ ഒരു കാശും വാങ്ങിയിട്ടുണ്ടാകില്ലെന്നും ബിനോയ് വിശ്വം വിവരിച്ചു. ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓർക്കണം. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് എന്നും എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ബിനോയ് വിശ്വമല്ല പിണറായി വിജയൻ എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതിലും അദ്ദേഹം മറുപടി നൽകി. അങ്ങനെ പറയുന്നത് വളരെ ശരിയാണെന്നും പിണറായിക്ക് പിണറായിയുടെ കാഴ്ചപ്പാട് ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.



















































