കൊച്ചി : എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിൽ തങ്ങൾ ഇടപെടാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.അത് അവരുടെ മാത്രം കാര്യമാണെന്നും കോൺഗ്രസ് സമ്മർദത്തെ തുടർന്നാണ് എൻഎസ്എസ് പിന്മാറിയത് എന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘ യോജിച്ചു പ്രവർത്തിക്കണമോ വേണ്ടയോ എന്ന് എൻഎസ്എസും എസ്എൻഡിപിയുമാണ് തീരുമാനിക്കേണ്ടത്. അത് അവരുടെ സ്വതന്ത്രമായ കാര്യമാണ്. കോൺഗ്രസ് അതിൽ ഇടപെടാനില്ല. സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസോ യുഡിഎഫോ ഇടപെടാറില്ല. തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല.’ വി.ഡി.സതീശൻ പറഞ്ഞു.
പത്മ പുരസ്കാരം ലഭിച്ചതിനു വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘‘എസ്എൻഡിപി യോഗം എത്രയോ വർഷങ്ങളായുള്ള സംഘടനയാണ്. അദ്ദേഹം അതിന്റെ നേതൃത്വത്തിലിരിക്കുന്ന ആളാണ്. അദ്ദേഹം തന്നെ പറഞ്ഞത് എസ്എൻഡിപിക്കു കിട്ടിയ അംഗീകാരമാണെന്നാണ്. എസ്എൻഡിപിക്ക് അംഗീകാരം കിട്ടുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പത്മ പുരസ്കാരം കിട്ടിയ എല്ലാ മലയാളികളേയും അഭിനന്ദിക്കുന്നു. നമ്മൾ ചെറിയ മനസ്സുള്ളവരാകാൻ പാടില്ല. വലിയ മനസ്സുള്ളവരാകണം’. സതീശൻ വ്യക്തമാക്കി.
ആരെങ്കിലും തന്നെ വിമർശിച്ചാൽ തിരുത്തേണ്ട കാര്യമുണ്ടോ എന്നു നോക്കി തിരുത്തുമെന്നും അതിനോട് അസഹിഷ്ണുത കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരും വിമർശനത്തിന് അതീതരല്ല. ആരെങ്കിലും വിമർശിക്കുന്നതിനോട് അസഹിഷ്ണുത കാട്ടിയാൽ നമ്മളാണ് ചെറുതായി പോകുന്നത്. വിമർശിച്ചവരെക്കുറിച്ച് ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല, പറയുകയുമില്ല. എന്നാൽ വർഗീയത പറഞ്ഞാൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല’. പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.
ശശി തരൂരൂമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഒരു പ്രതിസന്ധിയുമില്ലെന്നും സതീശൻ പറഞ്ഞു. ‘‘തരൂർ മുതിർന്ന നേതാവാണ്. അദ്ദേഹത്തിനു പരാതിയുണ്ടെങ്കിൽ തീർച്ചയായും അത് പരിശോധിച്ച് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും’’– അദ്ദേഹം പറഞ്ഞു.
















































