തിരുവനന്തപുരം: ഭരണത്തിന്റെ മറവിൽ സിപിഎം നടത്തുന്ന അഴിമതികളുടെ കഥകളാണ് ഇപ്പോൾ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അധികാരത്തിന്റെ കരുത്തിൽ പാർട്ടി അനധികൃത സ്വത്ത് സമ്പാദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കൊളളയിലെ പ്രതികളായ നേതാക്കൾക്കെതിരെ നടപടിയില്ല. എന്നാൽ പാർട്ടിയിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കിയിരിക്കുന്നു. സിപിഐഎമ്മിലെ ജീർണ്ണതയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പയ്യന്നൂർ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ സിപിഐഎമ്മുകാർ മർദ്ദിച്ചു. കുറുവടി ഉപയോഗിച്ചായിരുന്നു മർദ്ദനം. പോലീസ് ജീപ്പിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞവർക്ക് സംരക്ഷണമൊരുക്കി. ആഭ്യന്തര മന്ത്രി പദവിയിൽ തുടരാൻ പിണറായി വിജയന് യാതൊരു അർഹതയുമില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ടിപി ചന്ദ്രശേഖരന്റെ അതേ സാഹചര്യമാണ് കുഞ്ഞികൃഷ്ണനും നേരിടുന്നത്. കുഞ്ഞികൃഷ്ണൻ പുറത്ത് പറഞ്ഞത് ഗുരുതരമായ ക്രമക്കേടാണ്. കോൺഗ്രസുകാരെ ആക്രമിച്ച വിഷയം സഭയിൽ അവതരിപ്പിക്കാൻ കഴിയുന്നില്ല. സിപിഎം പ്രതിരോധത്തിലാകുന്ന വിഷയം സഭയിൽ കൊണ്ടുവരാൻ സമ്മതിക്കുന്നില്ല. സ്പീക്കർ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇതിനിടെ പൊതുസമൂഹത്തിൽ നിന്ന് പിരിച്ചെടുത്ത ഫണ്ടാണെന്നും അതിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ടെന്നും കെകെ രമ എംഎൽഎയും പറഞ്ഞു. ന്യായമായ സമരമാണ് പയ്യന്നൂരിൽ നടന്നത്. സിപിഎമ്മിൽ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികൾക്കുവേണ്ടി 25 കോടി രൂപ പിരിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ കണക്കൊന്നും അന്ന് കണ്ടിരുന്നില്ല. സമാനമായ വിഷയമാണ് കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്. കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെയെന്നും അവർ പറഞ്ഞു. ഫണ്ട് തട്ടിപ്പ് പാർട്ടി വിഷയം മാത്രമായി തള്ളിക്കളയാൻ കഴിയില്ലെന്നും ഫണ്ടിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയണമെന്നും കെകെ രമ ആവശ്യപ്പെട്ടു.
അതേസമയം പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ അനുമതി നൽകിയില്ല. അടിയന്തരപ്രമേയമായി ഉന്നയിക്കേണ്ട വിഷയമായി ഇത് പരിഗണിക്കാനാകില്ലെന്നാണ് സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. വേണമെങ്കിൽ വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ നിർദേശിച്ചു.
ഇതോടെ എതിർപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. പിന്നാലെ ബഹളം വെച്ചാൽ പ്രതിപക്ഷ നേതാവിന് മൈക്ക് നൽകാനാവില്ലെന്ന് സ്പീക്കർ പറഞ്ഞു. അങ്ങനെ പറയേണ്ട കാര്യമില്ലെന്നായിരുന്നു ഇതിനോടുള്ള പ്രതിപക്ഷ നേതാവിൻറെ മറുപടി. കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമായി പയ്യന്നൂരിൽ മർദ്ദനമേറ്റെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണ് അതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.















































