ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെന്നകൗമാരക്കാരന് ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണ്, സീനിയർ ജേഴ്സിയണിയാനുള്ള ആ വിളിക്കായി പുതുചരിത്രമെഴുതിയ വർഷമായിരുന്നു വൈഭവിനു കഴിഞ്ഞുപോയത്. ഇന്ത്യൻ അണ്ടർ-19 ടീമിനായും ആഭ്യന്തര ടൂർണമെന്റുകളിൽ ബിഹാറിനായും സമാനതകളില്ലാത്ത പ്രകടനമാണ് വൈഭവ് കാഴചവെച്ചത്. വെടിക്കെട്ട് ബാറ്റുകൊണ്ട് വൈഭവെന്ന കൗമാരക്കാരൻ കളിക്കുന്ന ടൂർണമെന്റുകളിലെല്ലാം നിറഞ്ഞുനിന്നു. ഇന്നാരംഭിക്കുന്ന ഐപിഎല്ലിലും കൗമാരതാരം ആരെയെല്ലാം തല്ലിത്തോപ്പിക്കുമെന്ന ആകാംഷയിലാണ് ആരാധകർ. മാർച്ച് 30ന് ചെന്നൈയ്ക്കെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം
വൈഭവിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ ഇന്ത്യൻ സീനിയർ ടീമിൽ കളിപ്പിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ആരാധകരും മുൻ താരങ്ങളും ക്രിക്കറ്റിലെ അധികായരെല്ലാം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. പക്ഷേ വൈഭവിന്റെ പ്രായം ഇതിന് സാങ്കേതിക തടസം സൃഷ്ടിച്ചു. എന്നാൽ ഇനിമുതൽ ആ തടസമില്ല. കാരണം വെള്ളിയാഴ്ച വൈഭവിന്റെ 15-ാം പിറന്നാളായിരുന്നു.
സീനിയർ ടീമിൽ കളിക്കുന്ന താരങ്ങളുടെ പ്രായം സംബന്ധിച്ച് ഐസിസി ചട്ടങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. 2020 നവംബറിൽ പുറത്തിറക്കിയ ഐസിസി ചട്ടപ്രകാരം സീനിയർ തലത്തിൽ കളിക്കണമെങ്കിൽ താരങ്ങൾക്ക് കുറഞ്ഞ പക്ഷം 15 വയസെങ്കിലും തികയണം. അതാണ് ആരാധകരുടെയും മറ്റും ആവശ്യം പോലെ കൗമാരക്കാരനെ സീനിയർ തലത്തിലേക്ക് പരിഗണിക്കാൻ സാധിക്കാതിരുന്നത്. 15 വയസ് തികയും മുൻപ് കളിപ്പിക്കണമെങ്കിൽ ഐസിസിയിൽ നിന്ന് പ്രത്യേക ഇളവ് ലഭിക്കേണ്ടതായുണ്ട്. എന്നാൽ ഇനി ആ തടസമില്ല. 2011 മാർച്ച് 27 നാണ് വൈഭവിന്റെ ജന്മദിനം. ഈ വർഷം താരത്തെ സീനിയർ ടീമിൽ കാണാനാകുമെന്നാണ് ഒട്ടുമിക്ക ആരാധകരുടെയും പ്രതീക്ഷ. ഒപ്പം അടുത്തവർഷത്തെ ഏകദിന ലോകകപ്പിലും.
ലോകോത്തരതാരങ്ങൾ ഏറ്റുമുട്ടുന്ന ഐപിഎല്ലിൽ വിസ്മയം സൃഷ്ടിച്ചാണ് വൈഭവ് 2025 തുടങ്ങിയത്. പരുക്കേറ്റ സഞ്ജു സാംസണിന് പകരക്കാരനായാണ് രാജസ്ഥാൻ റോയൽസിനായി വൈഭവ് ഓപ്പൺ ചെയ്തത്. ആദ്യ പന്ത് തന്നെ അതിർത്തികടത്തിയ വൈഭവ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഐപിഎല്ലിലും, അണ്ടർ-19 ഏഷ്യാകപ്പിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം സെഞ്ചുറി നേടി റെക്കോഡിട്ടു. രാജ്യത്തെ കുട്ടികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം (പിഎംആർബിപി) നേടിയാണ് വൈഭവിന്റെ 2025 അവസാനിച്ചത്. 2026 ലും മിന്നിക്കാനാണ് താരത്തിന്റെ ലക്ഷ്യം.
















































