ഗുവാഹത്തി: സഞ്ജു ടീം മാറി ചെന്നെെയിലേക്ക് ചേക്കേറിയെങ്കിലും ചെന്നൈയുടെ രാശി തെളിഞ്ഞില്ല. ഐപിഎലിൽ ഇത്തവണയും രാജസ്ഥാനു മുന്നിൽ ചെന്നൈയ്ക്ക് അടി പതറി.19–ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ തോൽവി. ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 12.1 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു.
അർധസെഞ്ചുറി നേടിയ ‘വണ്ടർ കിഡ്’ വൈഭവ് സൂര്യവംശി (17 പന്തിൽ 52), യശസ്വി ജയ്സ്വാൾ (36 പന്തിൽ 38*) എന്നിവരുടെ ബാറ്റിങ്ങാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. അഞ്ച് സിക്സറുകളും 4 ഫോറുമടങ്ങുന്നതായിരുന്നു വെെഭവിന്റെ ഇന്നിങ്സ്.ആര് എറിയാൻ വന്നാലും ഞാൻ സിക്സർ തൂക്കുമെന്ന പതിവ് ശൈലിയിൽ തന്നെയായിരുന്നു വൈഭവ് ഇക്കുറിയും കളത്തിലിറങ്ങിയത്. മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ തന്റെ വിശ്വരൂപം പുറത്തെടുത്ത സൂര്യവംശി 15 പന്തിൽ അർധശതകം തൊട്ടു. മറുവശത്ത് ഉറച്ച പിന്തുണയുമായി യശസ്വി ജയ്സ്വാളും കൂട്ടായി. പവർപ്ലേയിൽ തന്നെ രാജസ്ഥാൻ കളി വരുതിയിലാക്കി. ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 74 റൺസെന്ന ശക്തമായ നിലയിലായിരുന്നു രാജസ്ഥാൻ. പവർപ്ലേയ്ക്കുള്ളിൽ തന്നെ വൈഭവ് അർധസെഞ്ചുറിയും പൂർത്തിയാക്കി. വെറും 15 പന്തിലായിരുന്നു 15 കാരന്റെ ഫിഫ്റ്റി. ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണ് ഇത്.
അർധസെഞ്ചുറിക്കു തൊട്ടുപിന്നാലെ വൈഭവിനെ അൻഷുൽ കാംബോജ് പുറത്താക്കിയെങ്കിലും പിന്നീടെത്തിയ ധ്രുവ് ജുറേൽ (9 പന്തിൽ 18) ഒട്ടും കുറച്ചില്ല. നാലു ഫോറുകളുമായി കളം നിറഞ്ഞ ജുറേലിനെ ഒൻപതാം ഓവറിൽ അൻഷുൽ തന്നെ വീഴ്ത്തിയെങ്കിലും നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ റിയാൻ പരാഗും (11 പന്തിൽ 14*) ജയ്‌സ്വാളും ചേർന്ന് രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത ചെന്നൈ 19.4 ഓവറിൽ 127 റൺസിന് ഓൾഔട്ടാകുകയായിരുന്നു. രാജസ്ഥാനു വേണ്ടി പന്തെടുത്തവരെല്ലം വിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ടു വീതം വിക്കറ്റെടുത്ത നാന്ദ്രെ ബർഗർ, ജോഫ്ര ആർച്ചർ, രവീന്ദ്ര ജഡേജ എന്നിവരാണ് കൂടുതൽ തിളങ്ങിയത്. ജാമി ഓവർട്ടൺ (36 പന്തിൽ 43) മാത്രമാണ് ചെന്നൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കു തുടക്കം മുതൽ പിഴച്ചു. ആകാംക്ഷയോടെ കാത്തിരുന്ന സഞ്ജുവിന്റെ അരങ്ങേറ്റം ആരാധകർക്കു നിരാശയാണ് സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസന്റെ (7 പന്തിൽ 6) വിക്കറ്റ് ആണ് ആദ്യം വീണത്. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ പേസർ നാന്ദ്രെ ബർഗറുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു. ആദ്യ ഓവറിൽ ജോഫ്ര ആർച്ചറിനെതിരെ സഞ്ജു ഒരു ബൗണ്ടറി നേടിയതു മാത്രമാണ് ആരാധകർക്ക് സന്തോഷിക്കാനുള്ള വകയുണ്ടായിരുന്നത്. ട്വന്റി20 ലോകകപ്പിനു ശേഷം സഞ്ജുവിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
ചെന്നൈ നിരയിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ (11 പന്തിൽ 6) ആദ്യം തന്നെ ചെന്നൈയ്ക്കു നഷ്ടമായി. ജോഫ്ര ആർച്ചറാണ് ഗെയ്‌ക്‌വാദിന്റെ കുറ്റിതെറിപ്പിച്ചത്. മൂന്നാം ഓവറിൽ ബർഗർ വീണ്ടും ഞെട്ടിച്ചു. കൗമാരതാരം ആയുഷ് മാത്രെ (0) ഗോൾഡൻ ഡക്കായി പുറത്ത്. ആയുഷിനെ നാന്ദ്രെ ബർഗർ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ ചെന്നൈയുടെ അടുത്ത വിക്കറ്റും വീണു. ഇത്തവണ പേസർ സന്ദീപ് ശർമയുടെ ഊഴമായിരുന്നു. മാത്യു ഷോർട്ടിനെ (7 പന്തിൽ 2) സന്ദീപ്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിലാണ് എത്തിച്ചത്. പവർപ്ലേ അവസാനിച്ചപ്പോൾ 4ന് 41 എന്ന നിലയിലായി ചെന്നൈ.
അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഇംപാക്ട് പ്ലെയർ സർഫ്രാസ് ഖാൻ, കാർത്തിക് ശർമ സഖ്യം ചെന്നൈയെ കരകയറ്റുമെന്ന് കരുതിയെങ്കിലും എട്ടാം ഓവറിൽ, രാജസ്ഥാൻ ജഴ്സിയിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ, സർഫ്രാസിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. 12 പന്തിൽ 17 റൺസെടുത്താണ് സർഫ്രാസ് പുറത്തായത്. പിന്നാലെയെത്തിയ ശിവം ദുബെ, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ചെങ്കിലും ജഡേജയ്ക്കു തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 11–ാം ഓവറിൽ കാർത്തിക് ശർമയെ (15 പന്തിൽ 18) ബ്രിജേഷ് ശർമയും പുറത്താക്കി. നൂർ അഹമ്മദ് (9 പന്തിൽ 1), മാറ്റ് ഹെൻറി (7 പന്തിൽ 5)യും മടങ്ങി.
പത്താം വിക്കറ്റിൽ, അൻഷുൽ കാംബോജിനെ (10 പന്തിൽ 7*) കൂട്ടുപിടിച്ച് ജാമി ഓവർട്ടൺ നടത്തിയ ചെറുത്തുനിൽപ്പാണ് ചെന്നൈയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. 36 പന്തിൽ 2 സിക്സറുകളുടെയും 2 ഫോറുകളുടെയും അകമ്പടിയോടെയാണ് ഓവർട്ടൺ 43 റൺസെടുത്തത്. അവസാന ഓവറിൽ രണ്ടു പന്തു ശേഷിക്കെ ഓവർട്ടൺ റണ്ണൗട്ടാവുകയും ചെയ്തു.















































