തിരുവനന്തപുരം: പിണറായി വിജയൻ വലിയ ഭക്ഷണ പ്രിയനാണെന്നും പ്രത്യേകിച്ച് മത്സ്യ വിഭവങ്ങൾ വലിയ ഇഷ്ടമാണെന്നും കഴിഞ്ഞ ദിവസം സിപിഐ നേതാവ് സി ദിവാകരൻ ഒരു അഭിമുഖത്തിലൂടെ പങ്കുവച്ചിരുന്നു. വില കൂടിയ മത്സ്യമേ പിണറായി കഴിക്കുകയുള്ളെന്നും ഒരിക്കൽ കഴിക്കാൻ കൊണ്ടുവന്നുവച്ച ഭക്ഷണം അതിനൊപ്പമുണ്ടായിരുന്ന മീൻ ഇഷ്ടപ്പെടാത്തതിന്റെ പേരിൽ കഴിക്കാതെ അദ്ദേഹം എഴുന്നേറ്റു പോയ സംഭവത്തിന് താൻ സാക്ഷിയായിട്ടുണ്ടെന്നും ദിവാകരൻ പറയുകയുണ്ടായി. ഈ പരാമർശത്തിന് മറുപടിയേകിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടം. എ ക്ലാസ്, ബി ക്ലാസ് മീൻ എന്നിങ്ങനെയൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടം. അതിന് എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല. സി ദിവാകരൻ്റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ചെയ്യുമ്പോൾ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി പ്രതികരിച്ചു. പിണറായി വിജയന്റെ മൽസ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി സി ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയതിന്റെ പശ്ചാത്തലത്തിലാണ് ശിവൻകുട്ടിയുടെ ഈ പ്രതികരണം.















































