തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ചർച്ചയായ ഷൂ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് പ്രചരിപ്പിച്ചതിന് പിന്നിൽ സിപിഎം സൈബർ ഹാന്റിലുകളാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
‘ഞാൻ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. വിദേശത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനിൽ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോൾ രണ്ട് വർഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാം, എന്നാലും അത് എനിക്ക് ലാഭമാണ്.’- വി ഡി സതീശൻ പ്രതികരിച്ചു.
അതേസമയം ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ‘ക്ലൗഡ് ടിൽറ്റി’ന്റെ വിലയേറിയ ഷൂസാണ് വിഡി സതീശൻ ധരിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ ബ്രാൻഡ് ഷൂവിന് ഓൺലൈനിൽ വില മൂന്ന് ലക്ഷം രൂപയാണ് എന്നും പോസ്റ്റുകൾ ചൂണ്ടിക്കാട്ടി. അടുത്തിടെ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ബാഗുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളോട് ചേർത്ത് വച്ചായിരുന്നു പുറത്തുവ്നന പല പ്രതികരണങ്ങളും. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.