ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഔദ്യോഗികമായി പിന്മാറി. ഒരു വർഷം മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘടനയിൽ നിന്നും തങ്ങൾ പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ നടപടി. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയിൽ യുഎസിന്റെ എല്ലാ പങ്കാളിത്തവും അവസാനിച്ചു. ഏകദേശം 260 മില്യൺ ഡോളർ കടബാധ്യതയുമായാണ് യുഎസിന്റെ പിന്മാറ്റമെന്ന് ബ്ലൂംബെർഗ്, റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ പറയുന്നു.
ആരോഗ്യ, മനുഷ്യാവകാശ സേവന വകുപ്പ് (HHS) ലോകാരോഗ്യ സംഘടനയ്ക്കുള്ള എല്ലാ ധനസഹായവും യുഎസ് നിർത്തിവെച്ചതായും ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ഓഫീസുകളിൽനിന്നും യുഎസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടന സ്‌പോൺസർ ചെയ്യുന്ന നേതൃത്വ ബോഡികൾ, സാങ്കേതിക കമ്മിറ്റികൾ, വർക്കിങ് ഗ്രൂപ്പുകൾ എന്നിവയിലെ പങ്കാളിത്തവും യുഎസ് അവസാനിപ്പിച്ചു.
പിന്മാറുന്നതിന് മുമ്പ് കടംവീട്ടാൻ ബാധ്യതയുണ്ടെന്ന വാദം യുഎസ് നിഷേധിച്ചു. ഏജൻസിയിൽനിന്ന് പിന്മാറുന്നതിന് മുമ്പ് കുടിശ്ശിക തീർക്കാൻ യുഎസിന് നിയമപരമായ ബാധ്യതയില്ലെന്ന് ഒരു മുതിർന്ന എച്ച്എച്ച്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 1948-ലെ പ്രമേയത്തിൽ ഒരു വർഷത്തെ നോട്ടീസും ഏതെങ്കിലും കുടിശ്ശിക അടയ്ക്കലും നിർബന്ധമാക്കുന്നുണ്ടെങ്കിലും യുഎസിനത് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ഊഴത്തിന്റെ ആദ്യ ദിവസം ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഓർഡറിനെ തുടർന്നാണ് യുഎസ് ലോകാരോഗ്യ സംഘടന വിട്ടത്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും പരിഷ്‌കാരങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും മാത്രവുമല്ല, സംഘടന രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മോചിതമല്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2025 ജനുവരി ആയപ്പോഴേക്കും യുഎസ് ഏകദേശം 260 മില്യൺ ഡോളർ നൽകാനുണ്ടായിരുന്നു. അതേസമയം, 2022-നും 2023-നും ഇടയിൽ യുഎസ് ഏകദേശം 1.3 ബില്യൺ ഡോളർ സംഘടനയ്ക്ക് സംഭാവന നൽകിയിരുന്നു.
‘ഇതൊരു വളരെ മോശം വിവാഹമോചനമാണ്.’ ജിയോർജ് ടൗൺ യൂണിവേഴ്‌സിറ്റിയിലെ ലോകാരോഗ്യ സംഘടനയുടെ ദേശീയ, ആഗോള ആരോഗ്യ നിയമ സഹകരണ കേന്ദ്രത്തിന്റെ ഡയറക്ടർ ലോറൻസ് ഗോസ്റ്റിൻ യുഎസിന്റെ പിന്മാറ്റത്തോട് പ്രതികരിച്ചു. പുതിയ രോഗങ്ങൾ ഉണ്ടാകുമ്പോൾ ലോകമെമ്പാടുമുള്ള പ്രതിരോധ പ്രവർത്തനങ്ങളെ പിന്മാറ്റം ബാധിക്കുമെന്നും പുതിയ ഭീഷണികൾക്കെതിരെ വാക്‌സിനുകളും മരുന്നുകളും വികസിപ്പിക്കുന്നതിൽ യുഎസ് ശാസ്ത്രജ്ഞരുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും കഴിവ് ദുർബലപ്പെടുത്തുമെന്നും ഗോസ്റ്റിൻ മുന്നറിയിപ്പ് നൽകി.
യുഎസിന്റെ പിന്മാറ്റം പോളിയോ നിർമ്മാർജ്ജനം മുതൽ മാതൃ-ശിശു ആരോഗ്യ പരിപാടികൾ, പുതിയ വൈറസ് ഗവേഷണം വരെയുള്ള ലോകാരോഗ്യ സംഘടനയുടെ വിവിധ സംരംഭങ്ങളെ തളർത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

















































