ഇന്ത്യ- പാക്കിസ്ഥാൻ വെടിനിർത്തലിലേക്ക് നയിച്ചത് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ ഇടപെടലാണെന്നു അവകാശപ്പെട്ട് യുഎസ്. ആദ്യം ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെടാനില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതേ ജെഡി വാൻസ് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ചർച്ച ചെയ്യാൻ മുൻകൈ എടുത്തതിന് പിന്നിൽ യുഎസിന് ലഭിച്ച ആശങ്കാജനകമായ ഒരു രഹസ്യവിവരം ആണെന്നും സിഎൻഎൻ യുഎസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
നിർണായകമായ രഹസ്യ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായും പറയപ്പെടുന്നു. തുടക്കം മുതൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവരുൾപ്പെടെയുള്ള യുഎസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പ്രധാന സംഘം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘർഷം സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാവിലെ യുഎസിന് ആശങ്കാജനകമായ രഹസ്യവിവരം ലഭിച്ചു. അതിന്റെ ഗൗരവമാണ് വേഗത്തിലും ഫലപ്രദവുമായ ഇടപെടൽ നടത്താൻ യുഎസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.
എന്നാൽ ഇവരുടെ ഇടപെടലിൽ നിർണായകമായ ആ രഹസ്യ വിവരങ്ങൾ അത് പുറത്തുവിട്ടാലുള്ള ആഘാതം കണക്കിലെടുത്ത് ട്രംപ് ഭരണകൂടം വെളിപ്പെടുത്താൻ തയാറായിട്ടില്ലെന്നും റിപ്പോർട്ട്. വെടി നിർത്തലിലേക്ക് നയിച്ചത് തങ്ങളാണെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും വെടിനിർത്തൽ ധാരണ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടാണ് ഉണ്ടാക്കിയതെന്ന് യുഎസ് ഭരണകൂടം സമ്മതിക്കുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വാൻസ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല വാൻസിന്റെ ഇടപെടൽവരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നാണ് യുഎസ് അധികൃതർ പറയുന്നത്. ചർച്ചകളുടെ ഭാഗമായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ രാത്രി മുഴുവൻ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉന്നത നേതൃത്വങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു.
അതേപോലെ വെടിനിർത്തലിൽ എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചുള്ള പൊതുവായ ധാരണയാണ് റൂബിയോ ചർച്ചകളിലൂടെ ഉണ്ടാക്കാൻ ശ്രമിച്ചത്. വെടിനിർത്തൽ ധാരണ ഉണ്ടാക്കുന്നതിൽ ട്രംപ് ഭരണകൂടം ഇടപെട്ടിരുന്നില്ലെന്നും തങ്ങളുടെ പങ്ക് പ്രധാനമായും ഇരുപക്ഷത്തെയും ചർച്ചയ്ക്ക് എത്തിക്കുക എന്ന നിലയിലായിരുന്നെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. വാൻസിന്റെ മോദിയുമായുള്ള ഫോൺ സംഭാഷണം ഇതിൽ നിർണായകമായെന്നും യുഎസ് കണക്കാക്കുന്നു.
അതേസമയം ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം അറിയിച്ചത്. പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ പാക്കിസ്ഥാനുമായി നേരിട്ട് ചർച്ച നടത്തിയാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളുകയും ചെയ്തു.