വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്റെ നീക്കത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡഡന്റ് ഡൊണാൾഡ് ട്രംപ്. ആവശ്യമെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകളെ അമേരിക്കൻ നാവികസേന അനുഗമിക്കുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ആവശ്യമെങ്കിൽ, അമേരിക്കൻ നാവികസേന ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറുകളെ അനുഗമിക്കാൻ തുടങ്ങും.
ലോകത്തിലേക്ക് സ്വതന്ത്രമായ എണ്ണ ഒഴുക്ക് ഉറപ്പാക്കാൻ യുഎസിന് കഴിയും’ ട്രംപ് വ്യക്തമാക്കി. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് വഴിയുള്ള സമുദ്ര വ്യാപാരത്തിന് റിസ്‌ക് ഇൻഷുറൻസും സാമ്പത്തിക ഗ്യാരണ്ടികളും നൽകണമെന്ന് ട്രംപ് യുഎസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനോട് (ഡിഎഫ്സി) നിർദ്ദേശിച്ചു. ‘ഉടൻ തന്നെ പ്രാബല്യത്തിൽ വരട്ടെ, ഗൾഫ് വഴിയുള്ള എല്ലാ സമുദ്ര വ്യാപാരത്തിനും, പ്രത്യേകിച്ച് ഊർജത്തിനും, വളരെ ന്യായമായ വിലയ്ക്ക്, റിസ്‌ക് ഇൻഷുറൻസും സാമ്പത്തിക സുരക്ഷയ്ക്കുള്ള ഗ്യാരണ്ടികളും നൽകാൻ ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനോട് ഉത്തരവിട്ടു. ഇത് എല്ലാ ഷിപ്പിംഗ് ലൈനുകൾക്കും ലഭ്യമാകും.
ആവശ്യമെങ്കിൽ, യുഎസ് നാവികസേന എത്രയും വേഗം ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾക്ക് അകമ്പടി സേവിക്കാൻ തുടങ്ങും. എന്തുതന്നെയായാലും, ലോകത്തിലേക്ക് സ്വതന്ത്രമായ എണ്ണ ഒഴുക്ക് ഉറപ്പാക്കാൻ യുഎസിന് കഴിയും. യുഎസ് ലോകത്തിലെ ഏറ്റവുംവലിയ സാമ്പത്തിക, സൈനിക ശക്തിയാണ്. കൂടുതൽ നടപടികൾ വരാനിരിക്കുന്നു’ ട്രംപ് ട്രൂത്ത് സോഷ്യയിലൂടെ വ്യക്തമാക്കി.














































