വാഷിങ്ടൺ: ഇറാന്റെ സ്വാധീനത്തിലുള്ള പ്രധാന കടൽപാതയായ ഹോർമൂസ് കടലിടുക്കിലൂടെ ഒരു എണ്ണ ടാങ്കറിനെ അമേരിക്കൻ നാവികസേന സുരക്ഷിതമായി എസ്കോർട്ട് ചെയ്ത് കടത്തിവിട്ടതായി അമേരിക്ക പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡ് എണ്ണവില ഏകദേശം 15 ശതമാനം വരെ താഴ്ന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലൂടെ തങ്ങളുടെ നാവികസേന ഒരു ടാങ്കറിനെ സുരക്ഷിതമായി എത്തിച്ചതായി അമേരിക്ക പ്രഖ്യാപിച്ചതിനെത്തുടർന്ന് എണ്ണവില ഇടിഞ്ഞത്. ഫെബ്രുവരി 28 ന് യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ഇത്തരത്തിലുള്ള ആദ്യ ഓപ്പറേഷനാണിതെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. എന്നാൽ ചൊവ്വാഴ്ച ഇതിനകം തന്നെ കുറഞ്ഞിരുന്ന എണ്ണവില 15 ശതമാനത്തിലധികം ഇടിഞ്ഞതിനാൽ ആഗോള വിപണികൾക്ക് ആശ്വാസം പകരുന്നതാണ് ഈ നടപടി.
“ആഗോള വിപണികളിലേക്ക് എണ്ണയുടെ പ്രവാഹം തുടരുന്നുവെന്ന് ഉറപ്പാക്കാൻ അമേരിക്കൻ നാവികസേന ഒരു ടാങ്കറിനെ ഹോർമൂസ് കടലിടുക്കിലൂടെ വിജയകരമായി കടത്തിവിട്ടു,” എന്നാണ് റൈറ്റ് വ്യക്തമാക്കിയത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 15 ശതമാനം ഇടിഞ്ഞ് ബാരലിന് 84.09 ഡോളറായി.
നാരത്തെ പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോള എണ്ണ വിപണിയിൽ വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. നിരവധി എണ്ണക്കപ്പലുകൾ യാത്ര നിർത്തിവെച്ചതോടെ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരുന്നു. ലോകത്തെ സമുദ്രമാർഗം കൊണ്ടുപോകുന്ന എണ്ണയുടെ ഏകദേശം അഞ്ചിൽ ഒരു ഭാഗം ഹോർമൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.
അതേസമയം, യുദ്ധകാലത്ത് ഹോർമൂസ് കടലിടുക്കിലൂടെ ഒരു ലിറ്റർ എണ്ണ പോലും കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കൻ നാവികസേനയുടെ പുതിയ നീക്കം ആഗോള വിപണിയിൽ ആശ്വാസം നൽകിയത്.












































